പ്യൂപ്പ / ഷഫീക്ക്. എച്ച്‌

കൂട്ടുകാരേ.. നമുക്ക് മുട്ടകൊണ്ടൊരു പരീക്ഷണം നടത്താം? ഇതിന് നമുക്ക് ‘പഞ്ഞി മുട്ട’യെന്ന് പേരിടാം. ആദ്യം നമുക്ക് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് നോക്കാം.

1.ഒരു മുട്ട

2.അല്‍പ്പം വിനാഗിരി

3.മുട്ട മുങ്ങി നില്‍ക്കത്തക്ക വിധമുള്ള ഒരു പാത്രം

ഇനി നമുക്ക് പരീക്ഷണത്തിലേക്ക് കടക്കാം. ആദ്യം മുട്ട പാത്രത്തില്‍ വെക്കണം. തോടോടുകൂടിത്തന്നെ വെക്കണേ… അതിനു ശേഷം പാത്രം നിറയെ വിനാഗിരിയൊഴിക്കുക. ഇനി രണ്ടു ദിവസം ക്ഷമയോടെ കാത്തിരിക്കണം കേട്ടൊ. രണ്ട് ദിവസം കഴിഞ്ഞാല്‍ പാത്രത്തില്‍ നിന്ന് വിനാഗിരി ശ്രദ്ധയോടെ ഒഴിവാക്കാം. ഇനി പതുക്കെ മുട്ടയില്‍ ഒന്ന് തൊട്ടുനോക്കൂ. റബ്ബറിനെപ്പോലെ മുട്ട പിതുങ്ങുന്നതുകാണാം! മുട്ട ‘പഞ്ഞി മുട്ടയായിരിക്കുന്നു!’ മുട്ടയില്‍ തൊടുമ്പോള്‍ പൊട്ടാതെ സൂക്ഷിക്കണേ…

എന്താണിതിനു കാരണമെന്നറിയാമോ? വിനാഗിരി ഒരു ആസിഡാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ. അതെ, അസെറ്റിക് ആസിഡ്. ഇത് മുട്ടത്തോടിലെ കാല്‍സ്യത്തെ വിഘടിപ്പിക്കും. കാല്‍സ്യമാണ് മുട്ടത്തോടിന് കടുപ്പം നല്‍കുന്നതോര്‍ക്കണം. മുട്ടത്തോടിനുള്ളില്‍ ചെറിയ ഒരു പാടയുണ്ട്. കാല്‍സ്യം കൊണ്ടുള്ള കടുപ്പമുള്ള തോട് വിഘടിച്ചുപോകുമെങ്കിലും നേര്‍ത്ത പാട കേടുവരാതെ നിലനില്‍ക്കും. അതുകൊണ്ട് മുട്ടയുടെ രൂപം നഷ്ടപ്പെടുന്നതുമില്ല. എന്താ, പരീക്ഷണം ഇഷ്ടമായോ?

ഇനി നമുക്ക് ഈ പരീക്ഷണം നമ്മുടെ നിത്യജീവിതത്തിലൊന്ന് പ്രയോഗിച്ചുനോക്കാം അല്ലേ. ഈ പരീക്ഷണം ഒന്ന് മാറ്റി പരീക്ഷിച്ചുനോക്കിയാല്‍ ഒരു വലിയ അപകടം നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും. അതെങ്ങനെയാണെന്നല്ലെ? സാധാരണ മുട്ടക്ക് പകരം പുഴുങ്ങിയ മുട്ട ഉപയോഗിക്കണം. 1 വര്‍ഷമാണേ കാലാവധി. വിനാഗിരിക്ക് പകരം കൊക്ക കോളയാണ് ഉപയോഗിക്കേണ്ടത്. കൊക്ക കോളയില്‍ മുക്കിവെച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ട് മുട്ട പുറത്തെടുത്തുനോക്കൂ. പഞ്ഞിമുട്ട റെഡി. എന്താണിതിന് കാരണമെന്നു കൂട്ടുകാര്‍ക്കറിയാമോ? കൊക്ക കോളയിലെ ഘടകങ്ങളാണ് വില്ലന്‍മാര്‍. കഫീന്‍ സിട്രേറ്റും സിട്രിക ആസിഡുമാണ് കോക്ക കോളയിലടങ്ങിയിട്ടുള്ളത്. വിനാഗിരിയെപ്പോലെത്തന്നെ ഇവയും മുട്ടത്തോടിലെ കാല്‍സ്യത്തെ വിഘടിപ്പിച്ചുകളയും. നമ്മുടെ അസ്ഥികളിലും കൂടുതലായി അടങ്ങിയിട്ടുള്ളത് കാല്‍സ്യമാണ്. ഹമ്പോ! അപ്പോള്‍ കൊക്ക കോള ഉപയോഗിക്കന്നവരുടെ കാര്യമൊന്ന് കൂട്ടുകാര്‍ ചിന്തിച്ചുനോക്കൂ. അത്തരക്കാര്‍ക്ക് അസ്ഥി പൊടിയുന്ന രോഗമായ ഓസ്റ്റിയോപൊറോസിസ് എന്ന രോഗമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നതെന്തുകൊണ്ടാണെന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായില്ലെ. ഇനിയാര്‍ക്കെങ്കിലും പെപ്‌സിയോ കൊക്കകോളയോ കഴിക്കണോ?