എഡിറ്റര്‍
എഡിറ്റര്‍
അരുന്ധതി റോയിയുടെ പ്രഭാഷണത്തിന് ഇഫ്‌ളു അനുമതി നിഷേധിച്ചു
എഡിറ്റര്‍
Monday 10th March 2014 11:19am

arundati

ഹൈദരാബാദ്: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ പ്രഭാഷണത്തിന് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) അധികൃതര്‍ അനുമതി നിഷേധിച്ചു.

ഫ്രാക്‌ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഐഡിയോളജി റിഇമേജിങ് ഡെമോക്രേസി ആന്‍ഡ് റിഡ്രോയിങ് റെസിസ്റ്റന്‍സ് എന്ന വിഷയത്തില്‍ അരുന്ധതിയുടെ പ്രഭാഷണം നടത്താനായിരുന്നു തീരുമാനം.

സര്‍വകലാശാലാ വിദ്യാര്‍ത്ഥി ആയിരുന്ന കശ്മീര്‍ സ്വദേശി മുസദ്ദിക് കംറാന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് അരുന്ധതിയുടെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്.

ദംസ, ടി.എസ്.എ, എം.എസ്.എഫ്, പി.ഡി.എസ്.യു, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി നടത്തുന്നതിന് സര്‍വകലാശാല ബ്ലോക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ സര്‍വകലാശാലാ അധികൃതരെ സമീപിച്ചപ്പോഴാണ് അരുന്ധതി റോയിയുടെ പ്രഭാഷണത്തിന് അനുമതി നിഷേധിക്കുന്ന കാര്യം വ്യക്തമാക്കിയത്.

പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു വേണ്ടി ഹൈദരാബാദില്‍ എത്തുന്ന വേളയിലാണ് അരുന്ധതി കാമ്പസില്‍ വരുന്നതെന്നും അവസാന നിമിഷം പരിപാടി മാറ്റിവെക്കുന്നത് ബുദ്ധിമുട്ടാവുമെന്നും സംഘടനകള്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സര്‍വകലാശാല കാമ്പസിനു പുറത്ത് പരിപാടി നടത്തുമെന്ന് ദംസ സംഘടന അധ്യക്ഷന്‍ മോഹന്‍ ദരാവത്ത് അറിയിച്ചു.

അനുസ്മരണ പരിപാടി സര്‍വകലാശാലാ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സംഘര്‍ഷം ഉണ്ടാവുമെന്നും പറഞ്ഞാണ് അനുമതി നിഷേധിക്കുന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്.

Advertisement