ലണ്ടന്‍: എയ്ഡ്‌സിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൈറ്റോമെഗലോവൈറസ് (സി.എം.വി) എന്നാണ് ഈ വാക്‌സിന്റെ പേര്. എല്ലാ തരത്തിലുള്ള എച്ച്.ഐ.വി വൈറസിനേയും കൊല്ലാന്‍ ഈ വാക്‌സിന് കഴിയുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായും പഠനം നടത്തിയ യു.എസ് സംഘം പറയുന്നു.

എച്ച്.ഐ.വി വൈറസിനെതിരെ സദാ ജാഗ്രത പുലര്‍ത്താന്‍ സൈറ്റോമെഗലോവൈറസ് പ്രതിരോധ വ്യവസ്ഥയെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. എയ്ഡ് വയറസിന്റെ മറ്റൊരു രൂപമായ എസ്.ഐ.വി (സിമിയന്‍ ഇമ്യുണോ ഡെഫിഷന്‍സി വയറസ്) ബാധിതരായ കുരങ്ങുകളില്‍ ഈ വാക്‌സിന്‍ ഉപയോഗിച്ച് വിജയം കണ്ടു എന്നാണ് പഠനം നടത്തിയ യു.എസ് സംഘം അവകാശപ്പെടുന്നത്.

രോഗബാധിതരായ  പകുതി കുരങ്ങുകളില്‍  വാക്‌സിന്‍ കുത്തിവച്ചു. ചികിത്സയ്ക്ക് വിധേയരായ കുരങ്ങുകളില്‍ വിദഗ്ധ പരിശോധനയില്‍ പോലും എസ്.ഐ.വി അംശം കണ്ടെത്താനായില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഈ വൈറസിന്റെ ആക്രമണത്തിനിരയായ ഈ മൃഗങ്ങളില്‍ പിന്നീട് ഇങ്ങനെയൊരു രോഗബാധയുണ്ടായിരുന്നെന്നും പോലും കണ്ടെത്താനായില്ല.

വാക്‌സിന്‍ കുത്തിവയ്ക്കാത്ത കുരങ്ങുകളില്‍ എസ്.ഐ.വി വളരുകയും അത് പിന്നീട് പ്രതിരോധ വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്ന എയ്ഡ്‌സ് ആയി മാറുകയും ചെയ്തു.

ഈ വാക്‌സിന് ഇമ്യുണോഡെഫിഷന്‍സി വൈറസിനെ പൂര്‍ണമായി തകര്‍ക്കാനാവുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാവുന്നതെന്ന് നാച്യുറല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

പരമ്പരാഗതമായി ഉപയോഗിക്കുന്ന ആന്റെയര്‍ട്രോവൈറല്‍ തെറാപ്പി എച്ച്.ഐ.വി അണുക്കളെ നിയന്ത്രിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്വേതരക്താണുക്കളില്‍ പതിയിരിക്കുന്ന എച്ച്.ഐ.വി അണുക്കളെ ഇല്ലാതാക്കാന്‍ ഇതിന് കഴിയില്ല.

ഓറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലൂയി പിക്കറാണ് ഈ പഠനത്തിനു നേതൃത്വം വഹിച്ചത്. കുരങ്ങുകളില്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ഇനി പരീക്ഷണം നടക്കേണ്ടത് മനുഷ്യരിലാണെന്നും അദ്ദേഹം പറഞ്ഞു.