പുതുച്ചേരി: പത്താം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ എഴുതിയവരില്‍ വിദ്യാഭ്യാസമന്ത്രിയും. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി പി.എം.എല്‍ കല്യാണസുന്ദരമാണ് പരീക്ഷയെഴുതാന്‍ സ്‌ക്കൂളിലെത്തിയത്. രണ്ടു പതിറ്റാണ്ട് മുമ്പ് തോറ്റ വിഷയങ്ങള്‍ എഴുതിയെടുക്കാനാണ് വിദ്യാഭ്യാസമന്ത്രിയുടെ ശ്രമം.

1991ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ കല്യാണസുന്ദരം സയന്‍സിനും സോഷ്യല്‍ സയന്‍സിനും പരാജയപ്പെട്ടിരുന്നു. ഇതോടെ പഠനം പാതിവഴയില്‍ നിര്‍ത്തി സഹോദരനൊപ്പം മണല്‍ ഖനന വ്യപാരത്തിനിറങ്ങി. പിന്നീട് പത്തു വര്‍ഷത്തിനു ശേഷം രാഷ്ട്രീയത്തിലേയ്ക്കു ചുവടുമാറ്റി. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കല്യാണസുന്ദരം വിജയിച്ചു.

അന്ന് ഉപേക്ഷിച്ച പത്താംക്ലാസ് വിജയസ്വപ്നം രണ്ടു പതിറ്റാണ്ടിനു ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ച പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇദ്ദേഹം. വ്യാഴാഴ്ച വില്ലുപുരം ജില്ലയിലെ ടിന്‍ദിവനം സ്വകാര്യ സ്‌കൂളില്‍ സയന്‍സ് പരീക്ഷ എഴുതിയ കല്യാണസുന്ദരത്തിനു പരാജയഭീതിയില്ലെന്നു മാത്രമല്ല കുറഞ്ഞതു 60 മാര്‍ക്കില്‍ കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. അതേസമയം, വെള്ളിയാഴ്ച നടന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗവര്‍ണര്‍ ഇക്ബാല്‍ സിംഗ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്നു ഒഴിവാകാന്‍ കഴിയാത്തതിനാലാണ് അദ്ദേഹത്തിനു പരീക്ഷ എഴുതാന്‍ കഴിയാതെപോയത്.

ഒരു ബിരുദം വിലയ്ക്കു വാങ്ങാന്‍ പലരും ഉപദേശിച്ചെങ്കിലും നേരായപാതയില്‍ വിദ്യാഭ്യാസം നേടാനാണ് തനിക്കു താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു.