തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത്, പത്ത് ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി സംവിധാനത്തിനു കീഴിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ഹയര്‍സെക്കന്‍ഡറി സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരമാണ് ഈ സാഹചര്യമൊരുങ്ങിയതെന്നും മന്ത്രി പറഞ്ഞു.

പുതിയ സംവിധാനം വരുന്നതോടെ ഹൈസ്‌കൂള്‍ എന്ന രീതി ഇല്ലാതാവും. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അഞ്ചാം ക്ലാസ് എല്‍പിയുടെ പരിധിയിലും എട്ടാം ക്ലാസ് യുപിയുടെ പരിധിയിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഒന്‍പത്, പത്ത് ക്ലാസുകളെ ഒറ്റയ്ക്ക് നിലനിര്‍ത്താനാകില്ല. ഒന്‍പത്, പത്ത് ക്ലാസുകള്‍ക്കൊപ്പം 11, 12 ക്ലാസുകളും ചേരുന്ന സെക്കന്‍ഡറി സംവിധാനം കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വൊക്കേഷണല്‍ വിഷയങ്ങളെ ഹയര്‍സെക്കന്‍ഡറിയില്‍ ഓപ്ഷണലാക്കും. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ വിഷയങ്ങള്‍ കൂടി പഠിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2013 ഓടെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Malayalam News

Kerala News in English