തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ഐ.എച്ച്.ആര്‍.ഡി ഡയരക്ടറായിരിക്കെ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.

ഡയരക്ടറായിരിക്കെ മക്കാവ് ദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അരുണ്‍കുമാര്‍ സന്ദര്‍ശനം നടത്തിയെന്നാണ് ആരോപണം. ഉന്നത അധികാരികളില്‍ നിന്ന് എന്തുകൊണ്ട് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വിശദീകരണം തേടിയത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Subscribe Us:

ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയരക്ടറായിരിക്കെ മൂന്നു തവണ അരുണ്‍കുമാര്‍ ദുബൈ യാത്ര നടത്തിയതായി ആരോപണമുണ്ട്. 2008 ഒക്‌റ്റോബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി തേടേണ്ടതിനെ സംബന്ധിച്ചു വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പഠനത്തിനോ വിദ്യാഭ്യാസപരമായ യാത്രകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ സെമിനാറുകള്‍ക്കോ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Malayalam News

Kerala News in English