തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടുത്ത വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ ശക്തമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. ദുരന്തത്തിനിരയായവരുടെ പുനരധിവാസ, നഷ്ടപരിഹാര പാക്കേജും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ആഘാതം എത്രത്തോളം വലുതാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ കെ.ജി ബാലകൃഷ്ണന്‍. കേന്ദ്ര പരിസ്ഥിതി, കൃഷി വകുപ്പുകളെ ഇതിന്റെ ഗൗരവം എത്രത്തോളമെന്ന് ബോധ്യപ്പെടുത്തുമെന്നും കെ.ജെ ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണ്. പരസ്പരം കുറ്റപ്പെടുത്താതെ ദുരിതബാധിതര്‍ക്കുവേണ്ടി ഒത്തൊരുമിച്ച് സഹകരിക്കുകയാണ് വേണ്ടത്. പ്രശ്‌നം വേണ്ടത്ര ഗൗരവത്തോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.