ന്യൂദല്‍ഹി: രാഷ്ട്രീയക്കാര്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കി തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ വരുത്തുന്നതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ കണ്ടു. പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ഗില്‍ഡ് പ്രസിഡണ്ട് രാജ്ദീപ് സര്‍ദേശായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ ആണിക്കല്ലിളക്കുന്ന നടപടികളാണ് പണം വാങ്ങിയുള്ള വാര്‍ത്തയെഴുത്തെന്ന് രാജ്ദീപ് വ്യക്തമാക്കി. രാജ്യത്തെ 543 മണ്ഡലങ്ങളിലെയും സ്ഥിതി പരിശോധിക്കുക അസാധ്യമാണെങ്കിലും തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കമ്മീഷന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് നവീന്‍ ചൗള സംഘത്തെ അറിയിച്ചു.

Subscribe Us:

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വന്‍ തോതില്‍ പണം നല്‍കി തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ കൊടുപ്പിച്ചിരുന്നെന്ന് വ്യക്തമായിരുന്നു. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് നേരത്തെ ശക്തമായി രംഗത്തുണ്ടായിരുന്നു.