Categories

മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ചര്‍ച്ച ചെയ്യും

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് തീരുമാനിച്ചു. മാധ്യമ രംഗവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പാനലാണ് ഇക്കാര്യം തീരുമാനിച്ചത്.

കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് അവര്‍ വ്യക്തമാക്കി. കോര്‍പറേറ്റ്-രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. വ്യക്തിയുടെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണിത്. എല്ലാ വ്യക്തികള്‍ക്കും ഒരു ലക്ഷമണ രേഖ വേണം. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ ലക്ഷമണ രേഖ ലംഘിച്ചിട്ടുണ്ട്- സര്‍ദേശായി പറഞ്ഞു. യോഗത്തിന് ശേഷം ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് താന്‍ അതിന് തയ്യാറാണെന്ന് ദേശായി പറഞ്ഞു. മറ്റുള്ളവരുടെ കാര്യം അവര്‍ തീരുമാനിക്കണം. അവര്‍ അങ്ങിനെ ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കാര്യമെല്ലാം എഡിറ്റേഴ്‌സ് ഗില്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തെ ഏത് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച അഭിപ്രായം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 24 നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് യോഗം ചേരുന്നത്.

അതേസമയം സ്‌പെക്ട്രം ഇടപാടിലെ വാര്‍ത്തകള്‍ മാധ്യമലോകത്തിന് തന്നെ നാണക്കേടായെന്ന് ഔട്ട്‌ലുക്ക് എഡിറ്റര്‍ വിനോദ് മേത്ത പറഞ്ഞു. ടേപ്പിന്റെ പൂര്‍ണ്ണരൂപം ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചിരുന്നു. യോഗത്തില്‍ നീരാ റാഡിയ ടേപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമസദാചാരം സംബന്ധിച്ചും പെയ്ഡ് ന്യൂസ് സംബന്ധിച്ചും രൂക്ഷമായ ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ യോഗത്തില്‍ സര്‍ദേശായിയുടെ നിലപാടിനെ മെയില്‍ ടുഡേയിലെ മാധ്യമപ്രവര്‍ത്തക പൂര്‍ണിമ ജോഷി വിമര്‍ശിച്ചു. സര്‍ദേശായി സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണെന്ന് പൂര്‍ണിമ ജോഷി പറഞ്ഞു. പ്രസാര്‍ഭാരതി ചെയര്‍ പേഴ്‌സണ്‍ മൃണാള്‍ പാണ്ഡെ, കുല്‍ദീപ് നയ്യാര്‍, സുനില്‍ ജെയിന്‍, തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.