എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളുടെ പോലീസ് ആര്‍ക്കുനേരെയാണ് കുരച്ചു ചാടുന്നത്?
എഡിറ്റര്‍
Thursday 16th August 2012 11:23am

ജനകീയമായ സമരങ്ങള്‍ കൂടുതല്‍ ജനകീയമാകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കുള്ളത്. മുഖ്യധാരാ പാര്‍ട്ടികളുടെ സഹായമൊന്നുമില്ലാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ജനങ്ങള്‍ നേരിട്ട് തെരുവിലിറങ്ങുന്നു. നിര്‍ധനരായ പാവം നഴ്‌സുമാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെത്തുന്നതിനു മുമ്പേ അവിടുത്തെ ജനങ്ങള്‍ തന്നെ പിന്തുണയുമായി എത്തിയിരിക്കുന്നു എന്നത് ആവേശോജ്ജ്വലമാണ്. ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാതെ ശക്തമായ പിന്തുണയുമായെത്തിയ യുവജന പ്രസ്ഥാനങ്ങളേയും അഭിവാദ്യം ചെയ്യുന്നു.എഡിറ്റോ-റിയല്‍ / ഷഫീക്ക് എച്ച്


കേരളത്തിലെ ജനകീയ സമരങ്ങള്‍ ഉള്ളടക്കത്തില്‍ തന്നെ ഒരു മാറ്റത്തെ വികസിപ്പിച്ചുകൊണ്ട് വരുന്നതിന്റെ സൂചനയാണ് അടുത്തകാലത്തെ സമരങ്ങള്‍ പറഞ്ഞു തരുന്നത്. പ്രത്യേകിച്ച് വിളപ്പില്‍ശാല സമരവും ഇന്നലെ നടന്ന നഴ്‌സുമാരുടെ സമരവും. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ വേണ്ടതിനും വേണ്ടാത്തതിനുമുള്ള ആക്രമണപരമ്പരയുമായി ജനങ്ങള്‍ക്കുപോലും എതിരായ മട്ടിലുള്ള, രാഷ്ട്രീയ-അരാഷ്ട്രീയ സമരങ്ങള്‍ മാത്രം കണ്ടു പരിചയിച്ച മലയാളിയുടെ പൊതു ബോധത്തെ അട്ടിമറിക്കാന്‍ ഈ സമരങ്ങള്‍ക്കാവുന്നുണ്ട്.

Ads By Google

ഇന്നലെ കോതമംഗലം മാര്‍ ബസാലിയസ് മാനേജ്‌മെന്റ് അധികാരികളുടെ ധാര്‍ഷ്ഠ്യത്തേയാണ് സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് ചോദ്യം ചെയ്യാന്‍ മൂന്ന് യുവതികള്‍ തയ്യാറായത്. സ്വന്തം ജീവിതത്തെത്തന്നെ ചോദ്യം ചെയ്യുന്ന തൊഴില്‍ സാഹചര്യങ്ങളോടും തങ്ങളെ ചൂഷണം ചെയ്യുന്ന അധികാരികളോടും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതിരുന്ന നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാതെ തരമില്ല. വളരെ ന്യായമായ ആവശ്യങ്ങളുയര്‍ത്തിക്കൊണ്ട് നഴ്‌സുമാര്‍ അവിടെ നടത്തിവരുന്ന സമരം 115 ദിവസം പിന്നിട്ടിരിക്കുന്നു. ഈ ആവശ്യങ്ങള്‍ക്കുനേരെ ഹുങ്കോടെ മുഖം തിരിച്ചു നില്‍ക്കുന്ന ആശുപത്രി അധികാരികളോടാണ് ഈ ധീരവനിതകള്‍ സമരം ചെയ്യുന്നത്.

ജനകീയമായ സമരങ്ങള്‍ കൂടുതല്‍ ജനകീയമാകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കുള്ളത്. മുഖ്യധാരാ പാര്‍ട്ടികളുടെ സഹായമൊന്നുമില്ലാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ജനങ്ങള്‍ നേരിട്ട് തെരുവിലിറങ്ങുന്നു. നിര്‍ധനരായ പാവം നഴ്‌സുമാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെത്തുന്നതിനു മുമ്പേ അവിടുത്തെ ജനങ്ങള്‍ തന്നെ പിന്തുണയുമായി എത്തിയിരിക്കുന്നു എന്നത് ആവേശോജ്ജ്വലമാണ്. ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാതെ ശക്തമായ പിന്തുണയുമായെത്തിയ യുവജന പ്രസ്ഥാനങ്ങളേയും അഭിവാദ്യം ചെയ്യുന്നു.

കേരളത്തിലെ സമരത്തില്‍ അപൂര്‍വമായി മാത്രം പ്രയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രമാണ് നഴ്‌സുമാര്‍ പ്രയോഗിച്ചത്. ചെങ്ങറയിലെ സമരത്തില്‍ ഒരു സമൂഹമൊന്നടങ്കം ആത്മഹത്യ മുഴക്കിയുള്ള സമരത്തിന് തയ്യാറായിരുന്നു. ജീവിതം ഒലിച്ചുപോകുന്ന, നഷ്ടപ്പെടാന്‍ യാതൊന്നുമില്ലാത്തവരുടെ സമരങ്ങള്‍ അങ്ങേയറ്റം കലാപകലുഷിതമായിരിക്കുമെന്നത് ചരിത്രം.

ഇത് താക്കീതു തന്നെയാണ്. കാരണം ഇത്തരം സമരത്തെ പോലീസിനെയും പട്ടാളത്തെയും ഇറക്കി അടിച്ചമര്‍ത്തിക്കളയാം എന്ന പൂതിയാണ് ഇവര്‍ക്കുള്ളതെന്ന് തോന്നുന്നു.

മിനിമം കൂലിയടക്കം വളരെ ന്യായമായ ട്രേഡ് യൂണിയന്‍ അവശ്യങ്ങളാണ് നഴ്‌സുമാര്‍ ചോദിക്കുന്നത്. അതവര്‍ക്ക് നല്‍കാന്‍ ഏത് അരമനകള്‍ക്കും നോവേണ്ട കാര്യമില്ല. അധ്വാനിക്കുന്നതിന്റെ കൂലിയും ഇന്നോളം തൊഴിലാളികള്‍ പോരാടി നേടിയെടുത്ത അവകാശങ്ങളും ഈ പാവം വനിതകള്‍ക്ക് ലഭിച്ചേ തീരു. അത് ആരുടെയും ഔദാര്യമല്ല എന്ന് എല്ലാ മാനേജുമെന്റുകളും സര്‍ക്കാരുകളും തിരിച്ചറിഞ്ഞാല്‍ നന്ന്.

ഇത് താക്കീതുതന്നെയാണ്. കാരണം ഇത്തരം സമരത്തെ പോലീസിനെയും പട്ടാളത്തെയും ഇറക്കി അടിച്ചമര്‍ത്തിക്കളയാം എന്ന പൂതിയാണ് ഇവര്‍ക്കുള്ളതെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന ഒരൊറ്റ തെറ്റിന് ജനങ്ങള്‍ക്കുനേരെയും ഉമ്മന്‍ ചാണ്ടിയുടെ പോലീസിന് കുതിര കയറാന്‍ തോന്നിയത്. അതും സ്വാതന്ത്ര്യസമരത്തിന്റെ 66ാം വാര്‍ഷികദിനത്തില്‍.

നിങ്ങള്‍ ചരിത്രം മറക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ലക്ഷക്കണക്കായ ജനങ്ങളുടെ ചോരതീര്‍ത്ത സ്വാതന്ത്ര്യത്തിനുമേലാണ് നിങ്ങള്‍ ഇന്നലെ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതെന്ന ചരിത്രം നിങ്ങള്‍ മറന്നാലും ജനങ്ങള്‍ക്ക് അത് മറക്കാനാവില്ലെന്ന് പറയേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്ന്  ഉറച്ച് വിശ്വസിക്കുന്നു. നിങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നില്ലെങ്കില്‍ നിങ്ങളെ ജനങ്ങളതുപഠിപ്പിക്കുകതന്നെ ചെയ്യുമെന്ന് ഇന്ത്യയിലുടനീളം അലയടിച്ചുയരുന്ന ജനകീയ സമരങ്ങളെ ഉദാഹരിച്ചുകൊണ്ട് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

നഴ്‌സുമാരുടെ അവകാശ സമരത്തിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ്; കോതമംഗലത്ത് സംഘര്‍ഷം

Advertisement