എഡിറ്റര്‍
എഡിറ്റര്‍
പ്രകൃതിയുടെ വൈരുദ്ധ്യാത്മകത
എഡിറ്റര്‍
Friday 31st January 2014 4:07pm

[nextpage title=”പ്രകൃതിയുടെ വൈരുദ്ധ്യാത്മകത”]


തന്നെ നിലനിര്‍ത്തുന്ന ഈ ഭൂമിയെയും പുഴയെയും വൃക്ഷത്തെയും കാറ്റിനെയുമെല്ലാം ആരാധിക്കാന്‍ മനുഷ്യനെ അന്ന് പ്രേരിപ്പിച്ചത് കേവലം പ്രകൃതിയോടുള്ള ഭയം കൊണ്ടുമാത്രമാണെന്ന യുക്തിവാദബോധം പൂര്‍ണ്ണമായും ലാഭേച്ഛയുള്ള ‘യൂറോപ്യന്‍ മനുഷ്യനെ’ മാനവികതയുടെ മാതൃകയാക്കിയതുകൊണ്ടാവാം.


marxism-nature-


എസ്സേയ്‌സ് / ഷഫീക്ക് എച്ച്


”എന്നെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദത്തെ പ്രകൃതിക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ പ്രശ്‌നം ഉദിക്കുന്നേയില്ല, മറിച്ച് പ്രകൃതിയില്‍ അതിനെ കണ്ടെത്തുകയും പ്രകൃതിയില്‍ നിന്ന് അതിനെ വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രശ്‌നമാണ്.”
-എംഗല്‍സ്, ഡൂറിങ്ങിനെതിരെ

ഈ വിശാലമായ ഭൂമി അത്രയൊന്നും വിശാലമല്ല എന്നും വിശാലഹൃദയനെന്ന് ഖ്യാതികേട്ട മനുഷ്യജീവി അത്രയൊന്നും വിശാലഹൃദയനല്ല എന്നും ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ഈ ഭൂമിയും അതിലെ മലനിരകളും പുഴയും കായലും കടലും എന്നു വേണ്ട ഓരോ കഴഞ്ച് സ്ഥലവും ഓരോ ആവാസ കേന്ദ്രങ്ങളാണ്.

ഭൂമിയിലെ ഓരോ ജീവനും വിലപ്പെട്ടതാണ്. ഒന്ന് മറ്റൊന്നിനോട് പൂരകമാകാത്തതായി ഈ പ്രകൃതിയില്‍ ഒന്നും തന്നെയില്ല എന്നത് മതകീയമായ വിധിവിലക്കല്ല; വൈരുദ്ധ്യാത്മകമായ ഉള്‍ക്കാഴ്ചയാണ്. പരസ്പരം കൊണ്ടും കൊടുത്തും കൊണ്ടാണ് ഇതിലെ ഓരോ അംഗങ്ങളും, അത് ജൈവികാംഗങ്ങള്‍ മാത്രമല്ല അജൈവികാംഗങ്ങള്‍ വരെയും, നിലനില്‍ക്കുന്നത്.

ഇത്തരുണത്തില്‍ പ്രകൃതി വൈരുദ്ധ്യാത്മകമായാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് സവിശേഷ വികാസമാര്‍ജിച്ച പദാര്‍ത്ഥമായ മനുഷ്യമസ്തിഷ്‌ക്കത്തില്‍ നിന്നും നിര്‍ഗമിക്കുന്ന ബോധത്തിലും വൈരുദ്ധ്യാത്മക വിചിന്തനരീതി ഉള്ളടങ്ങിയിരിക്കുന്നത്. ഇവിടെയാണ് പ്രകൃതി ദാര്‍ശനികമായി പ്രവര്‍ത്തിക്കുന്നത്.

fish

തീര്‍ച്ചയായും വൈരുദ്ധ്യാത്മകമായ ഒരു ഉള്‍ക്കാഴ്ചയോടെയല്ലാതെ പ്രകൃതിയും ജീവജാലങ്ങളും വിശിഷ്യ മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നോക്കിക്കാണാനാവുമോ എന്ന കാര്യം സംശയമാണ്. പ്രകൃതിയെ ദൈവമായി കണ്ടിരുന്ന പുരാതന പ്രകൃത്യാരാധനയില്‍ ഈ ബന്ധം നമുക്ക് കാണാന്‍ കഴിഞ്ഞേയ്ക്കും.

തന്നെ നിലനിര്‍ത്തുന്ന ഈ ഭൂമിയെയും പുഴയെയും വൃക്ഷത്തെയും കാറ്റിനെയുമെല്ലാം ആരാധിക്കാന്‍ മനുഷ്യനെ അന്ന് പ്രേരിപ്പിച്ചത് കേവലം പ്രകൃതിയോടുള്ള ഭയം കൊണ്ടുമാത്രമാണെന്ന യുക്തിവാദബോധം പൂര്‍ണ്ണമായും ലാഭേച്ഛയുള്ള ‘യൂറോപ്യന്‍ മനുഷ്യനെ’ മാനവികതയുടെ മാതൃകയാക്കിയതുകൊണ്ടാവാം.

എന്നാല്‍ ഇന്നും നിലനില്‍ക്കുന്ന ഗോത്രങ്ങളും ഗോത്രസംസ്‌കാരത്തിന് പ്രകൃതിയോടുള്ള മമതയും മേല്‍പറഞ്ഞ യുക്തിബോധത്തെ, ‘പ്രബുദ്ധതയുടെ മനുഷ്യനെ’, കൈയ്യൊഴിയാന്‍ നമ്മെ നിര്‍ബന്ധിതനാക്കുന്നു.

പ്രകൃതിയില്‍ തിരിച്ചിടപ്പെടുന്നതില്‍ ഏറ്റവും കഴിവാര്‍ജിച്ച ഒരു ജീവിവര്‍ഗമെന്ന നിലയില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

പ്രകൃതിയില്‍ തിരിച്ചിടപ്പെടുന്നതില്‍ ഏറ്റവും കഴിവാര്‍ജിച്ച ഒരു ജീവിവര്‍ഗമെന്ന നിലയില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പലപ്പോഴും പരിസ്ഥിതി ചിന്തകള്‍ മനുഷ്യനെ പരിസ്ഥിതിക്കഭിമുഖമാക്കി നിര്‍ത്തിക്കൊണ്ടാണ് വിലയിരുത്തലുകള്‍ നടത്തിയിട്ടുള്ളത്.

പാരിസ്ഥിതിക വിനാശത്തിന് കാരണഹേതുവെന്ന നിലയില്‍ മൊത്തം മനുഷ്യരെയും പരിസ്ഥിതിക്ക് പുറത്ത് നിര്‍ത്തി വിശകലനം ചെയ്യുമ്പോള്‍ സ്വാഭാവികമായും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയമായി നോക്കിക്കാണുന്നതിലേയ്ക്ക് ചെന്നെത്തും.

‘പരിസ്ഥിതി’ എന്ന പദപ്രയോഗം തന്നെ വാസ്തവത്തില്‍ മനുഷ്യകേന്ദ്രീകൃതമാണ്. (ഈ ലേഖനത്തിലും ആ പദം തന്നെ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. എങ്കിലും അതിന്റെ ഈ പരിമിതിയെ മറികടക്കേണ്ടതുണ്ട്). പ്രകൃതിയില്‍ നിന്നും മനുഷ്യനെ പിളര്‍ത്തിമാറ്റുന്ന ഒന്നാണിത്. വിശകലനത്തിന് സൗകര്യപ്രദമായിത്തീരേണ്ട ഒരു പദം ദാര്‍ശനിക പ്രതിബന്ധമായിത്തീരുകയാണ് ചെയ്യുന്നത്.

പ്രകൃതിയെയും മനുഷ്യനെയും പിളര്‍ത്തി മാറ്റിക്കൊണ്ടല്ല പ്രകൃതി സംരക്ഷണം നടത്തേണ്ടത്, മറിച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ, കൊടുക്കല്‍ വാങ്ങലുകളെ ഉറപ്പിച്ചുകൊണ്ടാണ്, ഒരു ‘പ്രാകൃതമനുഷ്യനെ’ സൃഷ്ടിച്ചുകൊണ്ടാണ്. ഇനിയുള്ള ഏതൊരു വിപ്ലവവും ഇത്തരത്തിലുള്ള ഒരു ‘പ്രാകൃതമനുഷ്യനിലേയ്ക്കുള്ള പ്രയാണമാണെന്ന്’ തല്‍ക്കാലത്തേയ്ക്ക് പറഞ്ഞുവെയ്ക്കട്ടെ.

[nextpage title=”പരിസ്ഥിതി ചിന്തകളും വര്‍ഗസമരവും”]


സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ കുറ്റകൃത്യങ്ങളുടെ പാപഭാരം മുഴുവന്‍ മൊത്തം മനുഷ്യസമൂഹത്തിനും വിതരണം ചെയ്യുന്ന കലാകാരന്മാരാണിവര്‍. ഇത്തരക്കാര്‍ക്ക് നിലവിലെ വ്യവസ്ഥതന്നെ കൈയ്യയച്ച് സഹായങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനവും മറ്റൊന്നല്ല.


man-and-nature

മുഖ്യധാരാ പാരിസ്ഥിതിക ചിന്തകള്‍ യാന്ത്രികമായി മനുഷ്യ/പ്രകൃതി എന്ന ദ്വന്ദ്വത്തിലൂന്നുമ്പോള്‍ ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ പരിസ്ഥിതിയെ പുറത്തു നിര്‍ത്തുകയും ചെയ്തു എന്നതാണ് സത്യം.

ഒന്ന് ഏകപക്ഷീയമായി മനുഷ്യസാകല്യത്തെ അതിനുള്ളിലെ വൈരുദ്ധ്യങ്ങളെ പരിഗണിക്കാതെ ഒന്നായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ മറ്റൊന്ന് സാമ്പത്തികമായി നിര്‍വ്വചിക്കാവുന്ന വര്‍ഗങ്ങളുടെ പിളര്‍പ്പില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.

ഇതില്‍ നിന്നാണ് മുഖ്യമായും രണ്ട് പ്രവണതകള്‍ വര്‍ത്തമാനകാല പാരിസ്ഥിതിക ചിന്തയെ ചങ്ങലയ്ക്കിട്ടത്. ഒന്ന് മാര്‍ക്‌സിസത്തിന് പരിസ്ഥിതി മുതലായ വിഷയങ്ങളില്‍ ഒന്നും ചെയ്യാനില്ല എന്ന വീക്ഷണവും മറ്റൊന്ന് മാര്‍ക്‌സിസം മുന്നേതന്നെ ഇത്തരം  വിഷയങ്ങളെല്ലാം സെറ്റില്‍ ചെയ്തിട്ടുണ്ടെന്ന വീക്ഷണവും.

മനുഷ്യന്‍ പ്രകൃതിക്കെതിരാണെന്നും, അത്രമാത്രം സ്വാര്‍ത്ഥമോഹിയാണെന്നുമുള്ള കേവല പരിസ്ഥിതിവാദം നമ്മെ എങ്ങുമെത്തിക്കില്ല. ഇവരെ സംബന്ധിച്ചിടത്തോളം പ്രകൃതിക്കിണങ്ങി ജീവിക്കുകയെന്നാല്‍ പ്രകൃതിയുടെ അടിമയായിത്തീരുക എന്നാണ്.

marx

മനുഷ്യന്റെ തന്നെ അനന്യതയെ നിരാകരിക്കുന്ന ഇത്തരം സമീപനരീതികള്‍ വാസ്തവത്തില്‍ നിലവിലെ ഭരണവ്യവസ്ഥയെ പ്രതിക്കൂട്ടിലാക്കാതെ സംരക്ഷിച്ചു നിര്‍ത്തുകയാണ്. സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ കുറ്റകൃത്യങ്ങളുടെ പാപഭാരം മുഴുവന്‍ മൊത്തം മനുഷ്യസമൂഹത്തിനും വിതരണം ചെയ്യുന്ന കലാകാരന്മാരാണിവര്‍. ഇത്തരക്കാര്‍ക്ക് നിലവിലെ വ്യവസ്ഥതന്നെ കൈയ്യയച്ച് സഹായങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനവും മറ്റൊന്നല്ല.

എന്നാല്‍ പരിസ്ഥിതിയെന്ന വിഷയത്തെ, സജീവമാക്കുന്നതിലൂടെ ആത്യന്തികമായി ഇവരുടെ സമരം വ്യവസ്ഥാവിരുദ്ധമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇവിടെയാണ് മാര്‍ക്‌സിസ്റ്റുകള്‍ പുനര്‍വിചിന്തനം നടത്തേണ്ട ആവശ്യകത നിലനില്‍ക്കുന്നത്.

മാര്‍ക്‌സിസത്തില്‍ എല്ലാം പരിഹരിക്കപ്പെട്ടുവെന്ന് വാദിക്കുന്നവര്‍ അത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടതുണ്ട്

മാര്‍ക്‌സിസത്തില്‍ എല്ലാം പരിഹരിക്കപ്പെട്ടുവെന്ന് വാദിക്കുന്നവര്‍ അത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടതുണ്ട്. തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വീക്ഷണത്തിന്റെ മുന്‍ പ്രയോഗമാതൃകകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കില്‍ അത്തരം മാതൃകകള്‍, അവയുടെ ലക്ഷ്യങ്ങള്‍ക്കുപരി, ആവര്‍ത്തിക്കാന്‍ കഴിയാത്തിടത്തോളം മുഷിഞ്ഞതാണെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നുവെന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്.

വര്‍ഗസമരത്തെ, ദൃഢീകരിക്കപ്പെട്ട, വികസിക്കാത്ത ഒന്നായി അവലംബിക്കുന്നത് മതാത്മക ബോധത്തിന്റെ ആന്തരികയുക്തി കൊണ്ടാണ്. അപ്പോള്‍ പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രവും സര്‍ഗാത്മകവും പുതിയതുമായ ഇടപെടലുകള്‍ നടത്തണമെങ്കില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രത്തില്‍ തന്നെ കാര്യമായ അഴിച്ചുപണികള്‍ നടത്തേണ്ടതുണ്ട്.

ഈ അഴിച്ചുപണികള്‍ നടത്തുന്നതിന് സന്നദ്ധമാകാത്ത മാനസികമായ കണ്ടീഷണിങ്ങിനെതിരെയാണ് ആദ്യസമരം ആരംഭിക്കേണ്ടത്. ഈ അഴിച്ചുപണികളില്‍ വര്‍ഗസമരത്തെ കുറിച്ചുള്ള പരമ്പരാഗത മാര്‍ക്‌സിസ്റ്റ് മതാത്മക ധാരണകള്‍ക്ക് കാര്യമായ മുറിവ് പറ്റിയേക്കാം.

ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ വിവിധ വൈരുദ്ധ്യങ്ങളെ, പുതു സാമൂഹ്യ സമരങ്ങളെയൊക്കെ ഉള്‍ക്കൊള്ളാന്‍ ഇത്തരത്തിലുള്ള പുനര്‍വിചിന്തനം അത്യന്താപേക്ഷിതമാണ്.

[nextpage title=”പരിസ്ഥിതിയും വികസനവും”]


വര്‍ത്തമാന കാലത്ത് ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം മാര്‍ക്‌സില്‍ തിരയുക എന്നത് വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട് തന്നെ പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാര്‍ക്‌സ് നിലപാട് പറയണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.


nature-and-man

വികസനത്തെകുറിച്ചുള്ള മുഖ്യ പ്രശ്‌നം അത് ആര്‍ക്കുവേണ്ടിയുള്ളതാണ് എന്നതുതന്നെയാണ്. രണ്ടാമത്തെ പ്രശ്‌നം അത് ഏത് ഏജന്‍സിയിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത് എന്നതാണ്. ഇന്ന് നടക്കുന്ന വികസനം ഏവര്‍ക്കും അറിയുന്നപോലെ ജനങ്ങളുടെതല്ല, മറിച്ച് മുതലാളിവര്‍ഗത്തിനുവേണ്ടിയുള്ളതാണ്. അത് നടത്തുന്നതാകട്ടെ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയും.

ഈ വികസനങ്ങളുടെ രണ്ട് സവിശേഷത; ഒന്ന് അത് ജനവിരുദ്ധമാണ്, രണ്ട് അത് പ്രകൃതി വിരുദ്ധമാണ് എന്നതാണ്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ കവര്‍ന്നുകൊണ്ട് ചെറു ന്യൂനപക്ഷ ധനികര്‍ക്ക് ലാഭം കുന്നുകൂട്ടാനാണ് ഈ വികസനം.

തീര്‍ച്ചയായും ഇടതു വലത് രാഷ്ട്രീയ കക്ഷികള്‍ ആവര്‍ത്തിക്കുന്നപോലെ ഈ വികസനത്തിന് ‘രാഷ്ട്രീയം ഇല്ല’ തന്നെ, അഥവ ഇവയുടെ രാഷ്ട്രീയം ഒന്നു തന്നെയാണ്; മൂലധനത്തെ സേവിക്കുക, സഹായിക്കുക!! മുതലാളിത്തം തന്നെ അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും മുന്നോട്ട് വെച്ച പാരിസ്ഥിതിക വിധിവിലക്കുകളെ ലംഘിച്ചുകൊണ്ടാണ് ഈ വികസനങ്ങള്‍ മുന്നോട്ട് പോവുന്നത്. അത് മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധിയും അതേസമയം ഒരു തന്ത്രവും കൂടിയാണ്.

ഇവിടെയാണ് മൊത്തം മനുഷ്യരും പരിസ്ഥിതിവിരുദ്ധരാണെന്ന കേവല പരിസ്ഥിതിവാദികളുടെ വാദമുഖത്തെ നിരാകരിക്കേണ്ടി വരുന്നത്. തീര്‍ച്ചയായും ഇന്നത്തെ മനുഷ്യവ്യവസ്ഥിതി/സാമൂഹ്യ വ്യവസ്ഥിതിയാണ് പ്രകൃതി വിരുദ്ധം. കാരണം വിനിമയമൂല്യത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണത്.

farming

 

ഒരേസമയം അത് ലാഭേച്ഛയുടെ ബലതന്ത്രത്തിലും അതുകൊണ്ട് തന്നെ പ്രകൃതി വിരുദ്ധവുമായാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഉപയോഗമൂല്യങ്ങള്‍ തീരെയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന വ്യവസ്ഥിതിയായി ഇത് മാറിത്തീരുന്നത് അതുകൊണ്ടാണ്.

മണ്ണും പുഴയും കുന്നും കായലും കടലും ആകാശവും എന്നുവേണ്ട എല്ലാമെല്ലാം മുതലാളിത്തത്തിന് ലാഭമുണ്ടാക്കാന്‍ ഈ വ്യവസ്ഥ തീറെഴുതിക്കൊടുത്തിരിക്കുന്നു. വിഭവങ്ങളുടെ വിതരണത്തില്‍ ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന അസമത്വത്തെയും കേന്ദ്രീകരണത്തെയും കാണാതിരിക്കലാണ് ഇത്തരം പരിസ്ഥിതിവാദികളുടെ നിലപാട്.

ലോകത്തെ ഭൂരിപക്ഷം ജനതയും ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളുടെ കണക്കുകളും അതേസമയം വന്‍ കുത്തക കോര്‍പ്പറേറ്റുകള്‍ കൈവശപ്പെടുത്തുന്ന വിഭവങ്ങളുടെ അളവുകളും തമ്മിലുള്ള അന്തരം മുന്നേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. മൂലധനത്തിന്റെ കേന്ദ്രീകരണത്തോടെയാണ് ഇത് സംഭവിച്ചിട്ടുള്ളത്.

ഇതിനെയാണ് മൂലധനം കുന്നുകൂട്ടുന്നതിന്റെ പ്രശ്‌നം (Capital Accumulation) പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്കും ദുരന്തങ്ങളിലേയ്ക്കും ചെന്നെത്തുന്നത് എന്ന് ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ തന്റെ പഠനങ്ങളിലൂടെ വിശദമായി അന്വേഷിക്കുന്നത്.

സമരങ്ങളുടെ ജനിതകമാറ്റങ്ങളിലാണ് ഭാവിസമൂഹത്തിന്റെ വിത്തുകള്‍ കിടക്കുന്നത്

മുതലാളിത്ത ലോക ക്രമത്തില്‍ ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവ-ഊര്‍ജ്ജ-രാസ-സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകള്‍ക്ക് സംഭവിച്ചിട്ടുള്ള അകല്‍ച്ചകളെയും താളക്രമങ്ങളെയും മാര്‍ക്‌സ് എങ്ങനെയാണ് പ്രശ്‌നവല്‍ക്കരിച്ചതും ചരിത്രവല്‍ക്കരിച്ചതും എന്നതായിരുന്നു ഫോസ്റ്റര്‍ നടത്തിയ അന്വേഷണം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ ബന്ധത്തില്‍, അഥവാ ‘രാസവിനിമയ ബന്ധ’ത്തില്‍ (Metabolic relation) സംഭവിച്ചുകഴിഞ്ഞിട്ടുള്ള വിള്ളലിനെയാണ് മാര്‍ക്‌സില്‍ നിന്നും ഫോസ്റ്റര്‍ കണ്ടെടുക്കുന്നതും സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഘട്ടത്തിലേയ്ക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നതും.

ഇതിലൂടെ പാരിസ്ഥിതിക വിഷയങ്ങളില്‍ മാര്‍ക്‌സിയന്‍ ദാര്‍ശനികതയ്ക്ക് വികസിക്കാനുള്ള ശേഷിയെയാണ് ഫോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചത്. എന്നാലത് മാര്‍ക്‌സിസത്തിനെതിരായ വിമര്‍ശനങ്ങളുടെ യുക്തിമണ്ഡലത്തില്‍ തന്നെ ചുറ്റിത്തിരിയുന്നു എന്നത് സ്വതന്ത്രമായ മാര്‍ക്‌സിയന്‍ പാരിസ്ഥിതികാന്വേഷണത്തിലേയ്ക്ക് വികസിക്കുന്നതിന് വിമുഖത കാണിക്കുന്നു.

ലോകത്തിലെ സര്‍വ്വമാന വിഷയങ്ങളിലും മാര്‍ക്‌സ് ഉത്തരം പറയാതിരുന്നത് തെറ്റായിപ്പോയി എന്ന വിമര്‍ശകരുടെ യുക്തിയുടെ മറുപുറത്തേക്ക്, അതായത് മാര്‍ക്‌സ് ഇതെല്ലാം പറഞ്ഞിട്ടുണ്ട് എന്ന് കണിശമായും തെളിയിച്ചെ തീരൂ എന്നും അല്ലെങ്കില്‍ മാര്‍ക്‌സിസത്തിന് എന്തോ നഷ്ടമുണ്ടായിപ്പോകും എന്നുമുള്ള ഉള്‍ഭയത്തിലേയ്ക്ക് എത്തിച്ചേരുന്നത് അന്വേഷണങ്ങളില്‍ ഫോസ്റ്റര്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയുടെ പ്രശ്‌നമാണ്.

[nextpage title=”പരിസ്ഥിതിയും മാര്‍ക്‌സും “]


പ്രകൃതിയുടെ അവിഭാജ്യ ഘടകമെന്നനിലയില്‍ മനുഷ്യനും പ്രകൃതിയും തമ്മില്‍ നൈരന്തര്യത്തിന്റെതായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് സ്വീകരിക്കുക മാത്രമല്ല, പ്രകൃതിയിലേയ്ക്ക് നല്‍കുക കൂടി ചെയ്യുന്നു. ഇത് പ്രകൃതിയില്‍ വിവിധ തരത്തിലുള്ള ചാക്രിക പ്രക്രിയയായി പ്രതിഫലിപ്പിക്കപ്പെടുന്നതാണ്.


man-and-marx

ഇനി അഥവാ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സനാതനവുമല്ല; മറിച്ച് പ്രാഥമികമോ, അപൂര്‍ണമോ, ഇനി തെറ്റായിട്ടുള്ളതോ ആകാം. കാരണം ഇന്നത്തെ വര്‍ത്തമാന കാല മൂര്‍ത്ത സാഹചര്യത്തെ വിലയിരുത്തേണ്ട ബാദ്ധ്യത അദ്ദേഹത്തിന്റെതല്ല; മറിച്ച് ഇന്നത്തെ മാര്‍ക്‌സിസ്റ്റുകളുടേതാണ്.

മാര്‍ക്‌സ് രാസവിനിമയം (Metabolism) എന്നാണ് മനുഷ്യ-പ്രകൃതി ബന്ധത്തെ, വിശിഷ്യ പ്രകൃതിയുമായുള്ള മനുഷ്യന്റെ കൊടുക്കല്‍ വാങ്ങലുകളെ വിശേഷിപ്പിച്ചത്.

പ്രകൃതിയുടെ അവിഭാജ്യ ഘടകമെന്നനിലയില്‍ മനുഷ്യനും പ്രകൃതിയും തമ്മില്‍ നൈരന്തര്യത്തിന്റെതായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് സ്വീകരിക്കുക മാത്രമല്ല, പ്രകൃതിയിലേയ്ക്ക് നല്‍കുക കൂടി ചെയ്യുന്നു. ഇത് പ്രകൃതിയില്‍ വിവിധ തരത്തിലുള്ള ചാക്രിക പ്രക്രിയയായി പ്രതിഫലിപ്പിക്കപ്പെടുന്നതാണ്.

lady-farmer

മുതലാളിത്തത്തിന്റെ ഒരു സ്വതന്ത്രമത്സരഘട്ടത്തെ (Laissez-faire Capitalism) അഭിമുഖീകരിച്ച മാര്‍ക്‌സിന് അക്കാലത്ത് പ്രകൃതിയുമായി, വിശിഷ്യ മണ്ണുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന കൃഷിരീതിയില്‍ വന്നിരുന്ന അസന്തുലിതാവസ്ഥയില്‍ നിന്നാണ് പാരിസ്ഥിതികാശങ്കകളെ മുന്നോട്ട് വെയ്‌ക്കേണ്ടിയിരുന്നത്.

മാര്‍ക്‌സ് മാത്രമല്ല അന്നത്തെ ശാസ്ത്ര ലോകം ഒന്നടങ്കം ഈ ആശങ്കകള്‍ മുന്നോട്ട് വെച്ചിരുന്നുവെന്ന് നമുക്ക് കാണാവുന്നതാണ്. അതിനോട് വിനയാന്വിതനായ ഒരു പഠിതാവിനെപ്പോലെ ചേര്‍ന്നുനിന്നുകൊണ്ട് ഈ പ്രശ്‌നങ്ങളെ നോക്കിക്കാണാനും ഫോസ്റ്റര്‍ പറയുന്നതുപോലെ മുതലാളിത്ത രാഷ്ട്രീയ ധനതത്വശാസ്ത്രത്തെ കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങള്‍ക്ക് മറ്റൊരു പാരിസ്ഥിതിക മാനം നല്‍കുവാനും അദ്ദേഹം ശ്രമിച്ചു.

മൂലധനം-അധ്വാനം എന്ന വൈരുദ്ധ്യം പരിഹരിക്കുന്നതിലൂടെ മാത്രമെ പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാവു എന്നാണ് ഇപ്പോഴും ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ അവകാശപ്പെടുന്നത്.

അപ്പോഴും ഈ രാസവിനിമയമെന്നത് മാര്‍ക്‌സിയന്‍ പാരിസ്ഥിതിക ദര്‍ശനത്തിന്റെ, ‘പ്രകൃതിയിലെ വൈരുദ്ധ്യാത്മകതതയിലെ ഒരു ഭാഗം മാത്രമാണ് എന്നതും സുപ്രധാനമാണ്.

മൂലധനം-അധ്വാനം എന്ന വൈരുദ്ധ്യം പരിഹരിക്കുന്നതിലൂടെ മാത്രമെ പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാവു എന്നാണ് ഇപ്പോഴും ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ അവകാശപ്പെടുന്നത്.

അതായത് മുതലാളിത്ത സമൂഹത്തെ ഒന്നടങ്കം മാറ്റിത്തീര്‍ക്കുകയും സമത്വാധിഷ്ഠിതമായ ലോകക്രമത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ വന്ന ഈ സ്വര്‍ഗരാജ്യത്ത് ഇത്തരം വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നതിനു പകരം രൂക്ഷമാവുകയാണ് ചെയ്തത് എന്നതാണ് വസ്തുത.

മാത്രവുമല്ല ഇത്തരമൊരു സ്വര്‍ഗരാജ്യം വരുന്നതുവരെ പരിസ്ഥിതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കണമെന്നാണോ? അത്തരമൊരു വീക്ഷണം വാസ്തവത്തില്‍ സമത്വാധിഷ്ഠിതമായ വ്യവസ്ഥയിലേയ്ക്കുള്ള സാമൂഹിക പ്രയാണത്തെ തടയുകയാണ് ചെയ്യുന്നത്.

മൂലധന-അധ്വാന വൈരുദ്ധ്യത്തിലേയ്ക്ക് ഏകപക്ഷീയമായൂന്നുന്ന സമീപനത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് ഈ നിഷ്‌ക്രിയത. കാരണം ഇവിടെ അധ്വാനത്തിനുള്ളിലെ വൈരുദ്ധ്യവും വൈവിധ്യവും ബഹുമുഖതയുമൊക്കെ നിരാകരിക്കപ്പെടുന്നു.

 

jaseera-protest

മൂലധനം-അദ്ധ്വാനം എന്ന വൈരുദ്ധ്യത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് പാരിസ്ഥിതിക വിഷയങ്ങളിലേയ്ക്ക് മാര്‍ക്‌സിസ്റ്റ് ചിന്ത വികസിക്കേണ്ടതുണ്ട് എന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സമീപനത്തോട് വിയോജിപ്പില്ല (”പശ്ചിമഘട്ടത്തെ ആര് സംരക്ഷിക്കും”, മലയാളം വാരിക, പു. 17, ലക്കം 31, ഡിസംബര്‍ 27, 2013).

എന്നാല്‍ അത് മേല്‍പറഞ്ഞ ഏകപക്ഷീയതയ്ക്കുള്ളില്‍ നിന്നോ ഇരുപതാം നൂറ്റാണ്ടിലെ ആശയമാതൃകയ്ക്കുള്ളില്‍ നിന്നോ ആവില്ല.

ഏതെങ്കിലും വര്‍ഗത്തിന്റെ നേതൃത്വത്തിലൂന്നുകയും അവരുടെ സര്‍വ്വാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ ചിലവിലും തണലിലും മറ്റ് സാമൂഹ്യ സമരങ്ങളെ ന്യൂനീകരിച്ചും കാണുന്ന പഴയ മാതൃകയില്‍ നിന്ന് പുറത്തുകടക്കുകയും സ്വതന്ത്രവും ജനാധിപത്യപരവും കീഴാള ജനതയുടെ ഐക്യത്തിലുമുള്ള സമരങ്ങളായി പരിസ്ഥിതി സമരങ്ങള്‍ വികസിക്കേണ്ടതുണ്ട്.

ഈ സമരങ്ങള്‍ വ്യവസ്ഥാവിരുദ്ധവും ഭരിക്കപ്പെടുന്നവന്റെ ജീവിതാധികാര ബന്ധങ്ങള്‍ക്കുവേണ്ടിയുള്ളതുമാണ്. അത്തരം സമരങ്ങള്‍ മുതലാളിത്തവിരുദ്ധവും പുതിയലോകക്രമത്തിനുവേണ്ടിയുള്ളതുമായിരിക്കും.

സമരങ്ങളുടെ ജനിതകമാറ്റങ്ങളിലാണ് ഭാവിസമൂഹത്തിന്റെ വിത്തുകള്‍ കിടക്കുന്നത്. കീഴാള ജനതയുടെ അഹംബോധമായിരിക്കും ഈ സമരങ്ങളുടെ ഊര്‍ജ്ജം. പുതിയകാലത്തെ വര്‍ഗസമരമാണിത്.


വിദ്യാര്‍ത്ഥി മാസികയുടെ ജനുവരി ലക്കത്തിന്റെ (2014) എഡിറ്റോറിയലായി എഴുതിയതാണ് ഈ ലേഖനം.

Advertisement