എഡിറ്റര്‍
എഡിറ്റര്‍
പ്രതിസന്ധിയും പുണ്യവാളന്മാരും
എഡിറ്റര്‍
Tuesday 26th June 2012 4:32pm

ഇടതുപക്ഷം ഇല്ലാതെയാവുന്ന അവസ്ഥ ഭയാനകമാണ്. ഇടതുപക്ഷത്തിന്റെ ഇടം കൈക്കലാക്കുന്നത് തീവ്രവലതുപക്ഷമായിരിക്കും. ഫാസിസ്റ്റുകളായിരിക്കും, മതവര്‍ഗീയ ശക്തികളായിരിക്കും, മനുഷ്യന് ഇടമില്ലാത്ത ഒരുപാട് പ്രത്യയശാസ്ത്ര ഭീകരതകളായിരിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാവാന്‍ കേരളത്തിലെ ഇടതുപക്ഷശക്തികള്‍ ഒരിക്കലും അനുവദിക്കരുത് എന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

എഡിറ്റോ-റിയല്‍ / ബാബുഭരദ്വാജ്

സി.പി.ഐ.എമ്മിന്റെ വെളിച്ചപ്പാടന്മാരെല്ലാം വിളിച്ചുപറയുന്നത് പാര്‍ട്ടിയുടെ പ്രതിസന്ധിയെക്കുറിച്ചാണ്. പാര്‍ട്ടിയ്‌ക്കൊരു പ്രതിസന്ധിയുമില്ലെന്ന് പറയുന്ന അവസരത്തില്‍ത്തന്നെ പാര്‍ട്ടിയുടെ ഇന്നത്തെ പരിതാപകരമായ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ പിന്തുണച്ചില്ലെന്ന ആരോപണമാണ് പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവിന് നേരെ ഉയര്‍ത്തുന്നത്. പാര്‍ട്ടിയെ പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുണച്ചില്ലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ പ്രതിസന്ധി എങ്ങിനെ ഉണ്ടായി എന്നവര്‍ വിശദീകരിക്കുന്നില്ല. പ്രതിസന്ധിയുടെ സ്രഷ്ടാക്കള്‍ പാര്‍ട്ടിയുടെ ഔദ്യോഗികഭാരവാഹികളാണെന്ന കാര്യവും അവര്‍ മറച്ചുവയ്ക്കുന്നു.

ഒരു ഭൂകമ്പം പോലെയോ ഒരു ഉരുള്‍പൊട്ടല്‍ പോലെയോ ആകസ്മികമായുണ്ടായ ഒരു ദുരന്തമല്ല ഇന്നത്തെ പ്രതിസന്ധി. അറിയാതെ പറ്റിയ തെറ്റുമല്ല. അവഗണിക്കേണ്ട നയവ്യതിയാനവുമല്ല.  ചെറിയ ഒരു തിരുത്തല്‍കൊണ്ടോ എന്നത്തേയും പോലെ തിരുത്തുമെന്ന വാചകമടികൊണ്ടോ തീര്‍ക്കാവുന്ന ഒന്നല്ല ഈ പ്രതിസന്ധി. ഈ പ്രതിസന്ധിയില്‍ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുക എന്ന ‘ആപ്തവാക്യ’ത്തിന്റെ അര്‍ഥം പാര്‍ട്ടിയുടെ തെറ്റുകളില്‍ പങ്കാളിയാവുക എന്നതാണ്. ഈ തെറ്റുകളില്‍ അഭിരമിക്കാനും, ആറാടാനും, ആര്‍മാദിക്കാനും പാര്‍ട്ടിയ്‌ക്കൊപ്പം കൂടുക എന്നതാണ്. പാര്‍ട്ടിയും ജനങ്ങളും ദര്‍ശനവുമല്ല പ്രധാനം, അതിന്റെ ചട്ടക്കൂടാണ്. അതിന്റെ സംഘടനാ സാരഥികളാണ് പ്രധാനം എന്ന നിലപാടെടുക്കലാണ്.

എല്ലാ സംഘടനകളും ആ സംഘടനകളുടെ തത്വശാസ്ത്രവും ദര്‍ശനവും ഉപേക്ഷിക്കുന്നത് ഇങ്ങിനെയാണ്. ഉള്ളടക്കം ഊറ്റിക്കളഞ്ഞ് വെറും പുറംതോടായി മാറല്‍ ഇങ്ങിനെയാണ്. ചുരയ്ക്കപോലെ എന്തും
നിറയ്ക്കാവുന്ന ഒരു പുറംതോടായി പാര്‍ട്ടിമാറിക്കഴിഞ്ഞു. എല്ലാ സംഘടനകളും ഒടുക്കം എത്തിച്ചേരുന്ന ഇടം ഇതുതന്നെയാവുമോ? അത്തരം അശുഭചിന്തകള്‍ക്ക് ഞങ്ങളിപ്പോള്‍ ഇടംകൊടുക്കുന്നില്ല, കാരണം കേരളത്തില്‍, ഇന്ത്യയില്‍ അതിശക്തമായ ഒരു ഇടതുപക്ഷമുന്നേറ്റത്തിന് ഇടമുണ്ട്. സാധ്യതകളുണ്ട്. കാരണങ്ങള്‍ ഉണ്ട്.

ഇടതുപക്ഷം ഇല്ലാതെയാവുന്ന അവസ്ഥ ഭയാനകമാണ്. ഇടതുപക്ഷത്തിന്റെ ഇടം കൈക്കലാക്കുന്നത് തീവ്രവലതുപക്ഷമായിരിക്കും. ഫാസിസ്റ്റുകളായിരിക്കും, മതവര്‍ഗീയ ശക്തികളായിരിക്കും, മനുഷ്യന് ഇടമില്ലാത്ത ഒരുപാട് പ്രത്യയശാസ്ത്ര ഭീകരതകളായിരിക്കും. അത്തരമൊരു അവസ്ഥ ഉണ്ടാവാന്‍ കേരളത്തിലെ ഇടതുപക്ഷശക്തികള്‍ ഒരിക്കലും അനുവദിക്കരുത് എന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. അതുകൊണ്ട് പ്രതിസന്ധി എങ്ങിനെ ഉണ്ടായി എന്ന് പാര്‍ട്ടി തുറന്ന് പറയണം.

പ്രതിസന്ധിയ്ക്ക് കാരണക്കാരായ നേതൃത്വത്തെ പുറംതള്ളണം. അവര്‍ പിന്തുടര്‍ന്നുവരുന്ന നയങ്ങളെ പൂര്‍ണമായും പുറംതള്ളണം. പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയണം. അതിന്റെ സംഘടനാരൂപത്തിന് ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്തും ചലനാത്മകതയും നല്‍കണം. ഇങ്ങിനെയൊന്നും സംഭവിക്കാനുള്ള സാധ്യതകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ നടത്തുന്ന ഒരു വിലാപമാണിത്.

ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരുടേയും മുറവിളി ഇതായിരിക്കും. ഇനി നന്നാക്കിയെടുക്കാന്‍ പറ്റാത്തവിധം ദ്രവിച്ചതാണ് ഈ പ്രസ്ഥാനത്തിന്റെ കാതല്‍ എങ്കില്‍ വെട്ടിമാറ്റി പുതുതൊന്നു നാടുകതന്നെയാണ് വേണ്ടത്. വല്ലപ്പോഴും കിളിര്‍ത്തുവരുന്ന ഒരിലയെ നോക്കി ഇനിയും പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്ന് കരുതുന്നത് മൗഡ്യമാണ്. പഴയ മാമ്പഴക്കാലങ്ങളെ ഓര്‍ത്തുകൊണ്ട് എത്രനാള്‍ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാന്‍ കഴിയും.

കളിയായും കാര്യമായും പറയുന്ന ഒരു വിശേഷണമാണ് ചോരച്ചാല്‍ നീന്തിയ പ്രസ്ഥാനമെന്ന്. യഥാര്‍ത്ഥ വര്‍ഗസമരങ്ങളുടെ ചോരപുരണ്ടതാണ് ഈ പ്രസ്ഥാനം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലിന്നത്തെ ചോരച്ചാല്‍ പാര്‍ട്ടി കുടിപ്പകയും വ്യക്തിവൈരാഗ്യങ്ങളും തീര്‍ക്കാന്‍ ഉണ്ടാക്കുന്നതാണ്.

കളിയായും കാര്യമായും പറയുന്ന ഒരു വിശേഷണമാണ് ചോരച്ചാല്‍ നീന്തിയ പ്രസ്ഥാനമെന്ന്. യഥാര്‍ത്ഥ വര്‍ഗസമരങ്ങളുടെ ചോരപുരണ്ടതാണ് ഈ പ്രസ്ഥാനം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലിന്നത്തെ ചോരച്ചാല്‍ പാര്‍ട്ടി കുടിപ്പകയും വ്യക്തിവൈരാഗ്യങ്ങളും തീര്‍ക്കാന്‍ ഉണ്ടാക്കുന്നതാണ്. പാര്‍ട്ടി നടത്തുന്ന ദല്ലാള്‍ പണികള്‍ക്കായി ഒടുക്കിക്കളയുന്നതാണ്. അത്തരം അപചയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതാണ് സംഘടനാ വിരുദ്ധതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്നാണ് എം.എം ലോറന്‍സ് പറയുന്നത്. പഴയ നാടകങ്ങളില്‍ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്ക് തൊട്ടുമുന്‍പ് സ്‌റ്റേജില്‍ വിദൂഷകന്‍ പ്രത്യക്ഷപ്പെടും. നടക്കാന്‍ പോവുന്നകാര്യങ്ങള്‍ വിളംബരം ചെയ്യാനാണ് വിദൂഷകന്‍ പ്രത്യക്ഷപ്പെടും. ലോറന്‍സിന് കുറേക്കാലമായി പാര്‍ട്ടി നല്‍കിയിരിക്കുന്നത് വിദൂഷകവേഷമാണ്.

തുടക്കം മുതലേ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യായമുണ്ട്. ഇതിന് മുമ്പും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും കാണിയ്ക്കാത്ത കോലാഹലം ഇപ്പോഴെന്തിനാണ്? കെ.കെ ലതിക മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് കുറേക്കാലമായി ഇതുതന്നെ പറഞ്ഞുനടക്കുന്നു. ഇതുതന്നെ ഒരു കുറ്റസമ്മതമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഞങ്ങള്‍ കൊന്നു, ഇതിന് മുന്‍പും കൊന്നിട്ടുണ്ട്. ഇതിന് മുന്‍പ് ഉണ്ടാവാത്ത കോലാഹലം എന്തുകൊണ്ട് ഇപ്പോള്‍ ഉണ്ടായി? ഇത്തരം യുക്തിയുടെ പരിഹാസ്യത ഞങ്ങളെ അമ്പരപ്പിക്കുന്നു.

കുറ്റവാളികള്‍ക്ക് ഇതിന് മുമ്പ് സംഭവിച്ചില്ല എന്നതിന്റെ പേരില്‍ രക്ഷപ്പെടാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകളുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒരു കൊലപാതകിയെ ആദ്യതവണ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത തവണ, അരും കൊല നടത്തിയാലും പിടിച്ചുകൂട എന്നൊരു നിയമം നാട്ടിലുണ്ടോ എന്ന കാര്യവും ഞങ്ങള്‍ക്കറിയില്ല. പാര്‍ട്ടിക്കാര്‍ തെറ്റുചെയ്താല്‍ അവരെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം പാര്‍ട്ടിയ്ക്ക് മാത്രമാണ് എന്ന് വാദിയ്ക്കുന്നവര്‍ക്ക് സ്വന്തമായി ഇത്തരം നിയമസംഹിതകള്‍ ഉണ്ടാക്കാന്‍ പറ്റിയേക്കും. ‘ ഞങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന്’  പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ അത് രാജ്യത്തെ നീതിന്യാവ്യവസ്ഥ അംഗീകരിക്കില്ലെന്നും അതിന്റെ പേരില്‍ പാര്‍ട്ടിയില്‍പ്പെട്ട ആര്‍ക്കെതിരെയും അന്വേഷണം പാടില്ലെന്നും വാദിയ്ക്കുന്ന പാര്‍ട്ടി മതമൗലികവാദികളെപ്പോലെയാണ്. വേദപുസ്തകം തൊട്ടു സത്യം ചെയ്താല്‍ കുറ്റവിമുക്തരാവുന്ന ചില സ്ഥലങ്ങളെങ്കിലും ലോകത്തുണ്ട്. ആള്‍ക്കാരെ വെട്ടിനുറുക്കിയിട്ടു കുറ്റം മതസംഘടനകളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതും ഇത്തരം അസംബന്ധങ്ങള്‍ കൊണ്ടാവണം. പാര്‍ട്ടിയുടെ മതമൗലികവാദികളും ഇങ്ങിനെ ഒരേ തൂവല്‍പക്ഷികള്‍ ആവുന്നത് ഭീതിയോടെ മാത്രമേ നിരീക്ഷിക്കാന്‍ ഞങ്ങള്‍ക്കാവുകയുള്ളൂ.

ഈ ചരിത്രസന്ധിയില്‍ എല്ലാ കുറ്റങ്ങളും ഈ ഒരൊറ്റ പാര്‍ട്ടിയില്‍ ആരോപിച്ച് പലരും പുണ്യവാളന്മാരാവാന്‍ ശ്രമിക്കുന്നുണ്ട്. നിഷ്‌കളങ്ക
രും നിരുപദ്രവികളും പച്ചവെള്ളം ചവച്ചുകുടിയ്ക്കുന്നവരുമാണ് ഈ കക്ഷികളെല്ലാം എന്ന് തോന്നും അവരുടെ വാചകമടി കേട്ടാല്‍. അഹിംസാവാദികളും ബുദ്ധന്റെ പുരന്‍ജന്മങ്ങളുമാണെന്ന് തോന്നുന്ന വിധത്തിലാണ് അവരൊക്കെ മാധ്യമങ്ങളില്‍ ആചാരവെടി പൊട്ടിക്കുന്നത്. ചിലരൊക്കെ  നേര്‍ച്ചെവെടിയാണ് പൊട്ടിക്കുന്നത്. എല്ലാവരും പൊട്ടിയ്ക്കുമ്പോള്‍ നമ്മളും പൊട്ടിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതിയുള്ള വെടി.

പാര്‍ട്ടിയ്‌ക്കൊപ്പം പ്രതിക്കൂട്ടിലാവേണ്ടവര്‍ പുറത്തുമുണ്ടെന്ന് ഓര്‍മപ്പെടുത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരും ഒരുനാള്‍ പിടിക്കപ്പെടുമെന്നും എല്ലാ പാര്‍ട്ടികളും അവസരവാദികളെ അധികാരമോഹികളെയും പുറം തള്ളുമെന്നും തികച്ചും രചനാത്മകമായ ഒരു രാഷ്ട്രീയാന്തരീക്ഷം കേരളത്തില്‍ സംജാതമാവുമെന്നുമുള്ള പ്രതീക്ഷ നഷ്ടപ്പെടാത്തവരാണ് ഞങ്ങള്‍. അതിനുവേണ്ടിയുള്ള കോലാഹലമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായും കരുതുന്നു.

Advertisement