എഡിറ്റോ-റിയല്‍ / ബാബുഭരദ്വാജ്

തിരഞ്ഞെടുപ്പു കഴിഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരത്തിലേറും. കേരളരാഷ്ട്രീയത്തിന്റെ ഈ ഗതിവേഗത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഏതെങ്കിലും തരത്തിലുള്ള കര്‍മവ്യഗ്രതയല്ല പുതിയ ഭരണകക്ഷികളെ ഭരണത്തിലേറുന്നതിന് ഇങ്ങനെ ജാഗരൂകരാക്കുന്നത്. ഇപ്പോള്‍ കയ്യില്‍ കിട്ടിയ അധികാരം കൈമോശം വന്നപോവുമോ എന്ന് അവര്‍ ഭയപ്പെടുന്നതുപോലെ തോന്നുന്നു.

കോണ്‍ഗ്രസില്‍ തന്നെ രൂപം കൊണ്ടുവരാന്‍ സാധ്യതകളേറെയുണ്ടായിരുന്ന മൂപ്പിള്ളതര്‍ക്കം പെട്ടെന്നൊരു നിമിഷം ആരും പ്രതീക്ഷക്കാത്തതരത്തില്‍ പരിഹാരമായതിനാല്‍ ഭരണകക്ഷികള്‍ സന്തുഷ്ടരാണ്. ഞങ്ങളും ആ സന്തോഷത്തില്‍ പങ്കുചേരുന്നു. തര്‍ക്കങ്ങള്‍ മരിച്ചിട്ടില്ല. അന്ത്യശ്വാസം വലിക്കുകയുമില്ല. ഏത് നിമിഷവും അത് ഉയര്‍ത്തെഴുന്നേറ്റേക്കാം. ഒരു ജനാധിപത്യ സാമൂഹിക ക്രമത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ സ്വാഭാവികമാണെങ്കിലും അതുണ്ടാക്കിയേക്കാവുന്ന വിഭാഗീയത ഭരണത്തെ നിറം കെടുത്താരിക്കില്ല.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയമായ ഇച്ഛാശക്തിയല്ല ജയിച്ചതെന്ന് ഞങ്ങള്‍ കരുതുന്നു. സാമൂഹികമായ ചില അത്യാഗ്രഹങ്ങള്‍ രാഷ്ട്രീയ ഇച്ഛകളുടെ താളം തെറ്റലായി വന്നു ഭവിക്കുകയാണ് ചെയ്തത്. ഏത് കാലത്തേയും ഭരണമുന്നണികള്‍ പ്രതിപക്ഷമുന്നണികളും ഇടതുവലത് ഭേദമില്ലാതെ ഇത്തരം സമവാക്യങ്ങളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും പ്രീതിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.

ചിലപ്പോഴൊക്കെ അത് പ്രകടവും പ്രത്യക്ഷവുമാവാറുണ്ട്. ചിലപ്പോഴൊക്കെ തികച്ചും രാഷ്ട്രീയമാവേണ്ട ഭരണത്തിന്റെ കടിഞ്ഞാണ്‍ അരമനകമേടകളിലും പള്ളികളിലും ആശ്രമങ്ങളിലും ഇരിക്കുന്ന മതമേലധ്യക്ഷന്മാരുടേയും സാമുദായിക നേതാക്കളുടേയും കയ്യിലായിരിക്കും. എങ്കിലും ഭരണനടപടികള്‍ ഏറെക്കുറെ രാഷ്ട്രീയമാക്കാന്‍ ഭരണമുന്നണികള്‍ തീവ്രശ്രമം നടത്താറുണ്ട്. അത് മതനേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കാറുണ്ട്.

ജനങ്ങളുടെ പ്രതിരോധത്തിനും ഇത്തവണ പൂര്‍ണമായും ഭരണം ഭൂരിപക്ഷമതത്തിന്റെയും ന്യൂനപക്ഷമതങ്ങളുടേയും ഏറ്റവും തീവ്രമായ വര്‍ഗീയ ഭാവങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മൃദു ഹിന്ദുത്വമെന്നോ, ഇസ്ലാമികത വര്‍ഗീയതയെന്നോ ക്രൈസ്തവ വര്‍ഗീയതയെന്നോ അതിനെയൊക്കെ ചെല്ലപ്പേരിട്ട് വിളിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പു വിജയം കുഞ്ഞാലിക്കുട്ടിയുടേയും മാണിയുടേയും സുകുമാരന്‍ നായരുടേയും വെള്ളാപ്പള്ളിമാരുടേതുമാണ്.

ഭരണം പങ്കിടുന്നതില്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടെന്നും ഞങ്ങള്‍ കരുതുന്നില്ല. ‘ ഒത്തൊരുമിച്ചൊരു ഗാനം പാടി’ അവര്‍ ഭരിച്ചുകൊണ്ടിരിക്കും എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയായിരിക്കില്ല, കുഞ്ഞാലിക്കുട്ടിയും മാണിയും അകത്തളത്തില്‍ ഒളിച്ചിരുന്ന് സുകുമാരന്‍നായരും വെള്ളാപ്പള്ളിയും ആയിരിക്കും. കുത്തകമുതലാളിത്ത സിന്റിക്കേറ്റിന്റെ ഭാഗമായ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിക്കാന്‍ അച്യുതാനന്ദന്‍ കാണിച്ച ധീരത മതമേലധ്യക്ഷന്‍മാരെ ധിക്കരിക്കാന്‍ ചാണ്ടി കാണിക്കുകയുമില്ല.

ഉമ്മന്‍ചാണ്ടിക്ക് ഒരണസമരത്തിന്റെ കരുത്തേയുള്ളൂ, വിമോചനസമരത്തിന്റെ വീറേയുള്ളൂ. അച്ചുതാനന്ദനെപ്പോലെ ഊതിക്കാച്ചിയെടുത്ത ജന്മാഭിലാഷത്തിന്റെ ഉള്‍ക്കരുത്ത് ഇല്ല. അതുകൊണ്ട് സോണിയാഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സായിരിക്കില്ല ഭരിക്കുന്നത്, കുടപ്പനക്കല്‍ തറവാട്ടിലെ കാരണവരും കോട്ടയത്തേയും കാഞ്ഞിരപ്പള്ളിയിലേയും പാലായിലേയും തൊടുപുഴയിലേയും ക്രൈസ്തവമത പ്രമുഖരായിരിക്കും. മുപ്പത്തിയെട്ട് സീറ്റുനേടിയ കോണ്‍ഗ്രസ്സിന് ഇരുപത്തിയൊന്‍പത് സീറ്റുകള്‍ നേടിയ കുഞ്ഞാലിക്കുട്ടി മാണി ദ്വന്ദങ്ങളുടെ ദാസ്യവൃത്തിയായിരിക്കും ഉണ്ടാവുക.

മാന്ത്രിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിലായിരിക്കും, വകുപ്പുകളുടെ ബാഹുല്യത്തിലും. എന്നാല്‍ കാമ്പുള്ളതും കായുള്ളതും ആയ വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്ന് കച്ചവടമാക്കാനാണ് സാധ്യത. കോണ്‍ഗ്രസ്സുകാരുടെ മന്ത്രിമോഹങ്ങള്‍ കൊടിവച്ച കാറിലും മന്ത്രിമന്ദിരങ്ങളും ഒതുങ്ങിക്കിടക്കുന്നത് വൈകാതെ കാണാം. ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ആ വിധി കോണ്‍ഗ്രസ്സിനുണ്ടാവാതിരിക്കട്ടെയെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തകരരുതെന്ന് ആഗ്രഹിക്കുന്നതുപോലെ സത്യസന്ധമാണ് ഈ ആഗ്രഹവും. ഈ തിരഞ്ഞെടുപ്പ് ദേശീയ കക്ഷികളുടെ തകര്‍ച്ചയും പ്രാദേശിക കക്ഷികളുടെ വളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. അതിന്റെ അപകടം ഇന്ത്യയിലെ ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ടോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നുണ്ട്. പഴയ ഇടപ്രഭുക്കന്‍മാരെപ്പോലെ ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലെയും പ്രാദേശിക കക്ഷികള്‍ കീഴടക്കുന്നത് ‘ ഇന്ത്യ’ എന്ന സങ്കല്പത്തേയും ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തേയും തകര്‍ക്കുകയും ഇത്തരം പ്രാദേശിക കക്ഷികളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് നമ്മുടെ വിശാലമായ ദേശീയ താല്‍പര്യങ്ങളെ അടിയറ വയ്ക്കുക എന്ന വിചിത്രവും ഭയാനകവുമായ സ്ഥിതിയിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്യും.

ഒന്നിന് പിറകേ ഒന്നായി പൊതുമുതല്‍ കൊള്ളയടിക്കുന്ന സ്‌പെക്ട്രം, 2ജി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. കരുണാനിധിമാരും ജയലളിതമാരും മായവതിമാരും മമതമാരും രാജ്യം സ്വന്തമാക്കും. പിന്നെ.. അവര്‍ പരസ്പരം പരമാധികാരത്തിനായി പോര് ആരംഭിക്കും. അത് ഇന്ത്യയുടെ വിഘടനത്തിനും നാശത്തിനും വഴിതെളിയിക്കും. ജയലളിതയുടെ കിരീടധാരണത്തില്‍ പങ്കെടുത്ത മോഡിയുടെ സാന്നിധ്യവും അതോടൊപ്പം മോഡി പറഞ്ഞതും ഇതിന് അടിവരയിടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയുടെ വിജയം സ്വാധീനം ചെലുത്തുമെന്നാണ് മോഡിയുടെ തിരുവചനം. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം വളരെ സൂക്ഷ്മതലത്തില്‍ വിലയിരുത്തുക തന്നെ വേണം.