Categories

ആണവറിയാക്ടറുകളുടെ ‘ഞെളിയന്‍ പറമ്പ്’

nuclear power plant

എഡിറ്റോ-റിയല്‍ / ബാബുഭരദ്വാജ്

ഇക്കഴിഞ്ഞ ആഴ്ച ലോകജനത എന്നും നന്ദിയോടെ ഇനിയുള്ള കാലം ഓര്‍ക്കുന്ന ഒരു തീരുമാനം ജര്‍മനി കൈക്കൊണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മനി 2022 ആവുമ്പഴേക്കും ജര്‍മനിയിലെ എല്ലാ ആണവോര്‍ജനിലയങ്ങളും അടച്ചുപൂട്ടാനുള്ള തീരുമാനമാണ് ഏഴു മണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭായോഗത്തിനുശേഷം എടുത്തത്. ജപ്പാനിലെ ഫുക്കുഷിമാ ആണവനിലയത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആണവനിലയങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും ഫലവത്തായ പര്യവസാനമാണ് ആണവനിലയങ്ങള്‍ പടിപടിയായി നിര്‍ത്തലാക്കാനുള്ള ജര്‍മനിയുടെ തീരുമാനം.

ജര്‍മ്മനിയില്‍ 17 ആണവനിലയങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടിരിക്കുന്നു. ബാക്കിയുള്ള ഒന്‍പതില്‍ ആറെണ്ണം 2021 ലും ബാക്കിയുള്ള മൂന്നെണ്ണം 2022 ലും പൂര്‍ണമായും അടച്ചുപൂട്ടാനാണ് തീരുമാനം. രാജ്യത്ത് ആകെയുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ 22 ശതമാനം ആണവവൈദ്യുതിയാണ് ജര്‍മനിയില്‍. എന്നിട്ടും ആ രാജ്യം ആണവോര്‍ജത്തില്‍നിന്ന് മോചിതമാവാന്‍ ആഗ്രഹിക്കുന്നു.

ജര്‍മനി ഈ തീരുമാനമെടുത്ത ആ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഫ്രിക്കയിലായിരുന്നു. ഈ തീരുമാനം എടുത്തതിന്റെ തൊട്ടുപിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തി. ആഫ്രിക്കന്‍ ‘സഫാരി’ കഴിഞ്ഞ് മന്‍മോഹനും തിരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തി. ചര്‍ച്ചകളും സല്‍കാരങ്ങളുമൊക്കെ വിധിയാംവണ്ണം നടന്നു. ഒടുക്കം പതിവുപോലെ ഒരു സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി.

സമ്മേളനത്തില്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് പ്രധാനമായും പറയാനുണ്ടായിരുന്നത് ഇന്ത്യ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്ന 5000 മെഗാവാട്ട് ആണവവൈദ്യുതി 2020 ആവുമ്പഴേക്കും 20,000 മെഗാവാട്ട് ആയി വര്‍ധിപ്പിക്കുമെന്നാണ്. ജര്‍മന്‍ ചാന്‍സലര്‍ ഇതുകേട്ട് ഞെട്ടിയോ ഊറിച്ചിരിച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. താനെന്താണ് പറയുന്നതെന്ന്് മന്‍മോഹന്‍സിംഗിനും വലിയ വിവരം കാണില്ല. തന്റെ മന്ത്രിമാര്‍ നടത്തുന്ന അഴിമതികളെക്കുറിച്ച് ഇപ്പോഴും അജ്ഞനാണല്ലോ മന്‍മോഹന്‍. ആണവവൈദ്യുതിയുടെ കാര്യത്തിലും മന്‍മോഹന്‍ അജ്ഞാനിയായിരിക്കണം. അല്ലെങ്കില്‍ പലരും കരുതുന്നതുപോലെ കീ കൊടുത്തുവിട്ട ഒരു പാവയായിരിക്കണം ഇന്ത്യന്‍ പ്രധാനമന്ത്രി.

എന്നാല്‍ മന്‍മോഹന്‍സിംഗിനെ ദുഷ്ടന്റെ ഫലംചെയ്യുന്ന ശുദ്ധനായി ഞങ്ങള്‍ കാണുന്നില്ല. ഫുകുഷിമ ആണവദുരന്തത്തിന്റെ നാളുകളില്‍, ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന നാളുകളില്‍ ആണ് ഗ്രാമീണരെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി ആണവനിലയങ്ങളുമായി മുന്നോട്ടുപോകുമെന്നും അതിനെന്ത് വിലയും കൊടുക്കുമെന്നും കേന്ദ്രമന്ത്രിസഭാ ഉപസമിതി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയില്‍ വെടിവെയ്പും മരണവും നടക്കുകയും ചെയ്തു. ഈ തീരുമാനം കൈക്കൊണ്ട ദിവസത്തിനും പ്രത്യേകതയുണ്ട്. ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ 25 ാം വാര്‍ഷികദിനത്തിനാണ് കേന്ദ്രം ഈ തീരുമാനം കൈക്കൊള്ളുന്നത്.

ജനതയോടു കാണിക്കുന്ന ധിക്കാരമായും പുച്ഛം നിറഞ്ഞ വെല്ലുവിളിയുമായും മാത്രമേ ഇതിനെ വിലയിരുത്തനാവൂ. ഈ ഭരണകൂടത്തിന് ജര്‍മ്മനി കാണിക്കുന്ന മാനവികവും മനുഷ്യോചിതവുമായ വികസനപാത കാണാനുള്ള കണ്ണില്ല. അതുകൊണ്ടാണല്ലോ ജര്‍മനിയെ കളിയാക്കിക്കൊണ്ട് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ തന്നെ ഇന്ത്യ ആണവോര്‍ജ്ജം കൂട്ടുന്നതിനെക്കുറിച്ച് മന്‍മോഹന്‍ വീമ്പു പറഞ്ഞത്. എന്‍ഡോസള്‍ഫാനനുകൂലമായി ഇന്ത്യ ജനീവയിലെടുത്ത തീരുമാനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ച തന്നെയാണ് ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.

മറ്റൊരപകടംകൂടി ഈ പ്രഖ്യപനത്തില്‍ പതിയിരിക്കുന്നുണ്ട്. ഒരിക്കലും പൂര്‍ണമായി നിര്‍ത്താനും ഇല്ലാതാക്കാനും കഴിയുന്ന ഒന്നല്ല ആണവറിയാക്ടറുകള്‍. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട ആണവറിയാക്ടറുകളും ആണവമാലിന്യങ്ങളും വാങ്ങാന്‍ ഇന്ത്യ തയ്യാറാണെന്ന പ്രഖ്യാപനമാണോ ഇതിലൂടെ മന്‍മോഹന്‍ നടത്തുന്നത്. യൂറോപ്പിലെയും അമേരിക്കയിലേയും കാലംചെല്ലുന്ന ആണവറിയാക്ടറുകള്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റിനായി കാത്തിരിക്കുന്നു. അല്ലെങ്കിലും അമേരിക്കയിലേയും യൂറോപ്പിലെയും മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളാന്‍ ഇന്ത്യ ഒരു ‘ഞെളിയന്‍ പറമ്പാ’യി മാറാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല ആണവറിയാക്ടര്‍മാലിന്യങ്ങളും ഇന്ത്യയിലേക്ക് കപ്പല്‍ കയറും. നമ്മളെന്നും ഞെളിയന്‍ പറമ്പുകാരാവാന്‍ വിധിക്കപ്പെട്ടവര്‍.

Tagged with: |

One Response to “ആണവറിയാക്ടറുകളുടെ ‘ഞെളിയന്‍ പറമ്പ്’”

  1. ബൈജു....!

    http://baijuvachanam.blogspot.com/2011/06/blog-post_10.ഹ്ത്മ്ല്‍ സൂപ്പർഫാസ്റ്റ് കൊള്ള

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്