Administrator
Administrator
വീ’യെസ്സ്’ -ഞങ്ങളാണ് ശരി
Administrator
Saturday 19th March 2011 9:56pm

എഡിറ്റോ റിയല്‍ / ബാബുഭരദ്വാജ്

വി.എസിനെ വീണ്ടും മത്സരിപ്പിക്കാനും ഇടതുപക്ഷമുന്നണിയെ നയിക്കാന്‍ ചുമതലപ്പെടുത്തിയതിനും ഞങ്ങള്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയെ അഭിനന്ദിക്കുന്നു. ഒരിക്കലും വിവേകം ഉണ്ടാവത്തതിനേക്കാള്‍ നല്ലത് വൈകി വന്ന വിവേകമാണ്. യു.ഡി.എഫുകാര്‍ പറയുന്നത് പോലെ അത് ഇടതുപക്ഷത്തിന്റെ നാടകമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. നാടകത്തിന്റെ ഒരുപാട് ക്ലൈമാക്‌സുകളും ആന്റിക്ലൈമാക്‌സുകളും അതിലുണ്ടെങ്കില്‍ കൂടി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വം ചേര്‍ന്നെഴുതിയ സ്‌തോഭജനകമായ ഒരു തിരക്കഥയാണ് അതെന്നും ഞങ്ങള്‍ കണക്കാക്കുന്നില്ല.

അതൊരു കച്ചവടതന്ത്രമാണെന്നും ഞങ്ങള്‍ കരുതുന്നില്ല. മാര്‍ക്‌സിസ്റ്റ് നേതൃത്വം ഫാരിസ് അബൂബക്കറില്‍ നിന്നും സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും നവമുതലാളിത്തത്തിന്റെ ദാര്‍ശനികപണ്ഡിതന്മാരില്‍ നിന്നും കച്ചവടം പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും തെരുവോരത്തെ കോണകക്കച്ചവടത്തിനപ്പുറമുള്ള കച്ചവട ഭാവനയൊന്നും അവരിതുവരെ സ്വയത്തമാക്കിയിട്ടില്ല. അവര്‍ കച്ചവടത്തിന് കാവല്‍ നില്‍ക്കുന്ന മാഫിയ സാമന്തന്‍മാര്‍ മാത്രമാണ്. കച്ചവടക്കടയിലേക്ക് ആളെ വിളിച്ച് കയറ്റാന്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രം.

പിന്നെ എന്തുകൊണ്ടാണ് ഞങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതെന്ന ചോദ്യം പ്രിയപ്പെട്ട വായനക്കാര്‍ ചോദിച്ചേക്കാം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശയുടെ ഒരു കനല്‍ ഇപ്പോഴും ഞങ്ങളുടെയൊക്കെ മനസ്സില്‍, നാട്ടിലെ ജനസാമന്യത്തിന്റെ മനസ്സില്‍ ഇപ്പോഴും എരിഞ്ഞ് കൊണ്ടിരിക്കുന്നത് കൊണ്ടാണ്. ആ കനല്‍ ഊതിക്കത്തിക്കുകയെന്ന ദൗത്യം തെരുവിലിറങ്ങിയ ജനസാമാന്യത്തിനൊപ്പം ഞങ്ങള്‍ക്ക് കൂടിയുണ്ടെന്ന വിശ്വാസം കൊണ്ടാണ്.

ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേരുന്ന ഇടം പ്രകടമായും നവമുതലാളിത്തത്തിന്റെ മേച്ചില്‍പ്പുറമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങളീ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. അച്യുതാനന്ദനെ പോലുള്ള ഏതെങ്കിലും ‘സൂപ്പര്‍ മൂണി’ന് ഏതെങ്കിലും പൊട്ടിത്തെറിയുണ്ടാക്കാനോ ഭൂകമ്പം ഉണ്ടാക്കാനോ കഴിയില്ലെന്നും കൃത്യമായി ഞങ്ങള്‍ക്കറിയാം.

എങ്കിലും നവമുതലാളിത്ത കാലഘട്ടത്തിലെ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി വി.എസ്സ് അച്യുതാനന്ദന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ഇക്കാലമത്രയും അദ്ദേഹം ഏകനായി പോരാടിയതും മാര്‍ക്‌സിസത്തിന്റെ ഈ കാലഘട്ടത്തിലെ അത്തരമൊരു സവിശേഷമാതൃക സൃഷ്ടിക്കാനുമാണ്. അത്തരമൊരു പോരാട്ടത്തെ അഭിനന്ദിക്കാതിരിക്കാനും അഭിവാദ്യം ചെയ്യാതിരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കാവില്ല.

അതാണ് ഞങ്ങളുടെ മാധ്യമധര്‍മ്മമെന്ന് ഞങ്ങള്‍ കരുതുന്നു. എല്ലാവരും നവമുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി മാറുമ്പോള്‍, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും വികസനത്തെ ഉള്ളടക്കരഹിതമായ ഒരു സാമൂഹ്യ മിഥ്യയുടെ കാവല്‍ക്കാര്‍ ആയി മാറമ്പോള്‍, വികസനമെന്നത് ആരുടെ, എന്തിന്റെ ചെലവില്‍ എന്ന് ചോദിക്കാന്‍ ധൈര്യവും ആര്‍ജ്ജവവുമുള്ള ഒരേഒരു ജനനേതാവ് വി.എസ് അച്യുതാനന്ദാനണെന്ന് അറിയുന്നത് കൊണ്ടാണ് ഞങ്ങള്‍ അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കുന്നത്.

ജനസാമാന്യം തെരുവിലിറങ്ങിയത് ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ പറയുന്നതുപോലെ അച്യുതാനന്ദന്‍ മത്സരിക്കാതിരിക്കാനാണെന്നും ഞങ്ങള്‍ കരുതുന്നില്ല. ഏകോപന സമിതിക്കാരെപ്പോലെ ധൈഷണിക കാപട്യം ഈ നാട്ടിലെ ജനസാമന്യത്തിനില്ല. വി.എസ് ആണ് ഏറ്റവും വലിയ വഞ്ചകനെന്ന് ഏകോപന സമിതിക്കാര്‍ പറയുന്നത്. എന്താണ് അവരെ പേര്‍ ചൊല്ലി വിളിക്കേണ്ടത്?. യഥാര്‍ത്ഥ രാഷ്ട്രീയമറിയാത്ത ശിശുക്കളെന്നാണോ, അകാലത്ത് രാഷ്ട്രീയ വാര്‍ധക്യം ബാധിച്ചവരെന്നാണോ, താല്‍ക്കാലിക അജണ്ടകളില്‍ ഭ്രമിച്ച് രമിച്ച് വശവംദരായവരാണെന്നാണോ?. പ്രദേശിക രാഷ്ട്രീയത്തിന്റെ അല്പത്തം മാത്രം നിറഞ്ഞുനില്‍ക്കുന്ന കുടുസ്സുമുറികളില്‍ തളയ്ക്കപ്പെട്ട് ദേശീയവും സാര്‍വ്വ ദേശീയവുമായ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ടവരാണെന്നാണോ?. എന്ത് വിളിച്ചാലും അവര്‍ക്കത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതുകൊണ്ട് അവരെ എന്തു വിളിക്കും.

ഈ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ അല്ല ഞങ്ങളുടെ വിഷയം. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമായും വിചാരണ ചെയ്യപ്പെടേണ്ടത് നവമുതലാളിത്തത്തിന് അകമ്പടിക്കാരാവുന്ന ഇടതും വലതുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അതിന്റെ നേതാക്കളയുമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദാന്റെ സാന്നിധ്യം അത്തരമൊരു രാഷ്ട്രീയ വിചാരണക്ക് വേദിയാവുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് നീളുന്നതും കരുത്താര്‍ജ്ജിക്കുന്നതുമായ യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയം ആയിരിക്കും അത്. അതാണ് മുഖ്യം. അതാണ് പരമപ്രധാനം.

ഈ ബഹളത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്ന അതിപ്രധാനമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ട്. പ്രകാശ് കാരാട്ടുമായി അച്യുതാനന്ദാന്‍ നടത്തിയ ചെറിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം കൃത്യമായി പാര്‍ട്ടി മേലാളെന്മാരെ അറിയിച്ചുവെന്നാണ് ഞങ്ങള്‍ അറിയുന്നത്.
അതിങ്ങിനെ സംഗ്രഹിക്കാം.

1) താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ് മുഖ്യപ്രശ്‌നം. അതാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. എന്നാല്‍ ചര്‍ച്ചചെയ്യപ്പെടാതെ പോവുന്നത്.

2) നിലവിലുള്ള സംഘടനാ രൂപത്തിന്റെ അപാര്യപ്തതയിലാണ് ശങ്കപ്പെടേണ്ടത്.

3) തനിക്ക് നേതൃത്വവുമായി നിലനില്‍ക്കുന്ന പ്രത്യായശാസ്ത്ര ഭിന്നത പരിശോധിക്കുക്കുകയും പരിഗണിക്കുകയും വേണം.

4) പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം താന്‍ ഇടപെട്ട പൊതുപ്രശ്‌നങ്ങളേയും സമരങ്ങളേയും ഭരണനടപടികളേയും പാര്‍ട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാര്‍ക്‌സിസത്തിന്റെ ആധാരശീലങ്ങളിലും അനുശാസനങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി കരുതുന്നത്. താന്‍ അച്ചടക്കം ലംഘിച്ചുവെന്നാണ് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. ഇതിനി തുടരാന്‍ വയ്യ, തിരുത്തുക തന്നെ വേണം.

5) കഴിഞ്ഞ അഞ്ചുവര്‍ഷം മുന്നണിയെ നയിച്ച താന്‍ തന്നെയായിരിക്കണം ഈ തെരഞ്ഞെടുപ്പിലും മുന്നണിയെ നയിക്കേണ്ടത്.

ഈ ചോദ്യോത്തരികളില്‍ ആ രാഷ്ട്രീയം മുഴുവനുണ്ട്. അതു കൊണ്ടാണ് ‘ വി.എസ് അനിഷേധ്യ നേതാവാണെന്നും’ ‘വി.എസ് തന്നെയാണ് തെരഞ്ഞടുപ്പില്‍ മുന്നണിയെ നയിക്കുകയെന്നും’ പിണറായിക്ക് പറയേണ്ടി വന്നത്. ഇതെത്രത്തോളം പാലിക്കപ്പെടുമെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ രാഷ്ട്രീയ വിവക്ഷ. ഒരു പത്രത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിലെ ചന്തിയില്‍ ‘vsi’ മുദ്ര പതിച്ച സ്ഥാന്‍ത്ഥികളുടെ നീണ്ട നിരയില്‍ ഉള്ളവരെല്ലാം തന്നെ വി.എസ്സിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതരിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചവരാണെന്ന കാര്യം ചിന്താമധുരമാണ്. അതിന്റെ മേല്‍ക്കുറിപ്പ് ഏറെ വാചലവുമാണ്. ‘ഗുണനിലവാരം ഉറപ്പാക്കുന്ന വി.എസ്.ഐ മുദ്ര ഞങ്ങളിലുണ്ടെന്ന് ഉറപ്പാക്കി ഞങ്ങളെ വിജയിപ്പിക്കുക’.

പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ മുദ്ര തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മതി. ജനങ്ങള്‍ക്ക് ഈ വിവേകത്തിന്റെ സൗവര്‍ണ്ണമുദ്ര പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നതാണ്. ഭരണത്തിനപ്പുറത്തേക്ക് നീളുന്ന രാഷ്ട്രീയ വിവേകമാണത്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, അവര്‍ക്ക് വേണ്ടി എന്നും സമരസന്നദ്ധനായ ഒരാള്‍ അവരുടെ പ്രതിനിധിയായി സഭയിലുണ്ടാവണമെന്ന് അവരാഗ്രഹിക്കുന്നു. ഞങ്ങളും അതു തന്നെയാണ് ആഗ്രഹിക്കുന്നത്.

ഇതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ യുവജനനേതാവായ വിഷ്ണുനാഥിനൊരു സംശയം. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ പിന്നില്‍ അംബാനിമാരുണ്ടോ? വിഷ്ണുനാഥിന് റിലയന്‍സിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ വായിട്ടലയ്ക്കുന്നത്. അറിയില്ലെങ്കില്‍ രാഹുലിനോട് ചോദിച്ച് മനസ്സിലാക്കണം. റിലയന്‍സ് ഉണ്ടാക്കിയതാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുതരാതിരിക്കില്ല.

ക്രിക്കറ്റിന്റെ പഴയ വേള്‍ഡ് കപ്പിന്റെ പേരെന്താണെന്നും ആരായണം. ആ വേള്‍ഡ് കപ്പിന്റെ കച്ചവടത്തില്‍ എത്രകോടി റിലയന്‍സ് ഉണ്ടാക്കിയെന്നറിയണം. റിലയന്‍സിനെ ഇത്ര വലിയ ആഗോള ഭീമനാക്കിയതില്‍ മുത്തശ്ശിക്ക് എന്ത് പങ്കാണ് ഉള്ളതെന്ന് ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി വിഷ്ണുനാഥിന് പറഞ്ഞ് തരും. അത് ചോദിക്കാനുള്ള ധൈര്യം വിഷ്ണുനാഥിന് ഉണ്ടാകണമെന്ന് മാത്രം. അതുകഴിഞ്ഞിട്ട് ബാക്കി കാര്യങ്ങള്‍ നമുക്ക് സംസാരിക്കാം.

ഇത്തരം ‘പൊളിറ്റ്രിക്‌സി’ലേക്കൊന്നും ഞങ്ങളിപ്പോള്‍ കടക്കുന്നില്ല.

ഒരു ജനത അവരുടെ ഇച്ഛാശക്തി ഉയര്‍ത്തിപ്പിടിക്കുകയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചേതോഹാരമായ ചെറുത്ത് നില്‍പ്പില്‍ വിജയിക്കുകയും ചെയ്ത ഈ നിമിഷത്തില്‍ ആ ഘോഷയാത്രക്കൊപ്പം ചേരാനാണ് ഞങ്ങള്‍ക്ക് കൗതുകം. പരാജയപ്പെടുമ്പോഴും വിജയിക്കുന്ന ഇച്ഛാശക്തിയാണ്, അതിന്റെ കരുത്തായ ജനശക്തിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതെ, WE YES ഞങ്ങളാണ് ശരി, ജനങ്ങളാണ് ശരി. അതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതാണ് ഞങ്ങളുടെ ജീവ പ്രമാണം.

Advertisement