എഡിറ്റര്‍
എഡിറ്റര്‍
പനീര്‍ശെല്‍വത്തിന് തിരിച്ചടി; എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകും
എഡിറ്റര്‍
Thursday 16th February 2017 12:11pm

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനം. സര്‍ക്കാരുണ്ടാക്കാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരാണ് ആദ്യം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കൂവത്തൂരിലെ റിസോര്‍ട്ടില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. സത്യപ്രതിജ്ഞ വൈകീട്ട് നടക്കുമെന്നാണ് അറിയുന്നത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്ന് രാവിലെ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് അണ്ണാ ഡിഎംകെ കണ്ടത്. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു എടപ്പാടിയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുന്നതിനിടെയായിരുന്നു പുതിയ നീക്കം.

പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.

Advertisement