തിരുവനന്തപുരം: ഇടക്കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം ചേരുമെന്ന് നിയമമന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. കണ്ടല്‍ സംരക്ഷണ നിയമത്തില്‍ ഇളവനുവദിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുമെന്നും സൂചനയുണ്ട്.

അതിനിടെ ഇടക്കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്‌റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന തീരപരിപാലന അതോറിറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

തീരദേശച്ചട്ടങ്ങള്‍ ലംഘിച്ച കെ.സി.എയ്‌ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് തീരപരിപാലന അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എന്തെല്ലാം നടപടിയെടുത്തു എന്ന് വ്യക്തമാക്കി 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും അതോറിറ്റിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കി.

നേരത്തെ സ്‌റ്റേഡിയം നിര്‍മ്മാണത്തിനിടെ പരിസ്ഥിതി സംരക്ഷണച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സുസര്‍ല കമ്മറ്റി കണ്ടെത്തിയിരുന്നു.