ന്യൂദല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് കണ്ടുകെട്ടിയത്.


Also Read: രാജസ്ഥാനില്‍ എ.ബി.വി.പി കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ആം ആദ്മി; 83 സീറ്റില്‍ 46 ലും വിജയം


ജൂലായ് എട്ടിനു അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മിസ ഭാരതിയുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫാം ഹൗസ് കണ്ടുകെട്ടുന്നതിലേക്ക് ഏജന്‍സി നീങ്ങിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എം.പിയും ഭര്‍ത്താവും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസ ഭാരതിയുടെ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.


Dont Miss: ‘ഇത്തവണ യോഗം യോഗിയ്ക്ക്’; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍


എന്നാല്‍ കേസും റെയ്ഡുകളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ലാലു പ്രസാദ് പറയുന്നത്. ബീഹാറില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യം പടത്തുയര്‍ത്തിയ നേതാവാണ് ലാലു പ്രസാദ്. മുന്നണിയില്‍ നിന്ന് ജെ.ഡി.യുവിലെ ഒരു വിഭാഗം പുറത്ത് പോയെങ്കിലും ശരത് യാദവുമായി ചേര്‍ന്ന് പ്രതിപക്ഷ ഐക്യം നയിക്കുകയാണ് ലാലു പ്രസാദ്.

കഴിഞ്ഞയാഴ്ച ലാലുവിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ ലക്ഷങ്ങളായിരുന്നു പങ്കെടുത്തത്.