ന്യൂദല്‍ഹി: വിദേശ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ഫണ്ട് കൈമാറുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്നും  ലഭിച്ച അനുമതി സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഇ.ഡി ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ക്കൊപ്പം രാജ്യത്തെ വരുമാന ഉറവിടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

നോട്ടീസ് ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അതിലെ വിശദാംശങ്ങളെക്കുറിച്ച് പറയാനാവില്ലെന്നും ഇത് സംബന്ധിച്ച പ്രതികരണമാരാഞ്ഞപ്പോള്‍ ഗൂഗിള്‍ വക്താവ് പറഞ്ഞു. ‘ നികുതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു രൂപം കമ്പനിക്ക് നല്‍കേണ്ട ഉത്തരവാദിത്തം ഷെയര്‍ഹോള്‍ണ്ടേഴ്‌സിനോട് ഞങ്ങള്‍ക്കുണ്ട്. പ്രവര്‍ത്തിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായുള്ളതാണ് ഇപ്പോഴത്തെ സ്ട്രക്ചര്‍. പ്രാദേശികവും ദേശീയവുമായ നികുതിയില്‍ ഞങ്ങളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യയില്‍ ഏകദേശം 2,000 ആളുകള്‍ക്ക് ഞങ്ങള്‍ ജോലി നല്‍കുന്നുണ്ട്. ‘ ഗൂഗിള്‍ വക്താവ് പറഞ്ഞു.

വിദേശത്തേക്ക് ഫണ്ടുകള്‍ കൈമാറുന്നതിനുള്ള റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണോ കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച പ്രധാനപ്പെട്ട ചില വിവരങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിന്നും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമുള്ള നിയമനടപടികളുമായി ഇ.ഡി മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്.

നേരത്തെ അപകീര്‍ത്തികരവും മതസ്പര്‍ദ്ധയുണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള  21 വെബ്‌സൈറ്റുകള്‍ക്കെതിരെ ദല്‍ഹി കോടതി സമന്‍സ് അയച്ചിരുന്നു. ഈ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാമെന്നും തങ്ങളുടെ പക്കല്‍ യാതൊരു തെറ്റുമില്ലെന്നും അറിയിച്ച് ഗൂഗിള്‍ കോടതിക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English