ക്വിറ്റോ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഇക്വഡോര്‍. ഉപാധികളൊന്നുമില്ലാതെയായിരിക്കും അഭയം. ഇക്വഡോര്‍ വിദേശകാര്യ സഹമന്ത്രി കിന്റോ ലൂക്കാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസാന്‍ജെയെ തങ്ങള്‍ ഇക്വഡോറിലേക്ക് ക്ഷണിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസാന്‍ജെയുടെ കൈയിലുള്ള വിവരങ്ങള്‍ പൊതുവേദികളില്‍ വരെ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ അനുമതി നല്‍കും- മന്ത്രി വ്യക്തമാക്കി.

രാജ്യങ്ങളുടെ വിവര ശേഖരത്തിന്റെ ഇരുണ്ട മൂലകളിലേക്ക് വെളിച്ചം വീശുന്ന അസാന്‍ജെയെപ്പോലുള്ളവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ലൂക്കാസ് പറഞ്ഞു. അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ചാരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അസാന്‍ജെയ്‌ക്കെതിരേ കേസെടുക്കുന്നതിന് സാധ്യതകള്‍ പരിശോധിച്ച് വരികയാണ് ആസ്‌ത്രേലിയയും അമേരിക്കയും വ്യക്തമാക്കി.
ബലാല്‍സംഗക്കേസില്‍ സ്വീഡന്‍ അസാന്‍ജെയ്‌ക്കെതിരേ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.