ന്യൂദല്‍ഹി: 2010-11 കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.6 ശതമാനം കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയിലും മികച്ച ഉത്പ്പാദനത്തിന്റെ സഹായത്തോടെ വളര്‍ച്ചയില്‍ കുതിപ്പുനേടാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്.

ആളോഹരി വരുമാനം 17.3 ശതമാനം വര്‍ധിക്കുമെന്നും ദേശീയ വരുമാനത്തെക്കുറിച്ചുള്ള രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച കൈവരിക്കാനാകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഡിസംബറില്‍ വിലക്കയറ്റനിരക്ക് 8.43 ശതമാനമായിരുന്നു. ഭക്ഷ്യബന്ധിത പണപ്പെരുപ്പനിരക്കും 17.05 ശതമാനത്തിലെത്തിയിരുന്നു. 2008-09 കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനവും 09-10 കാലയളവില്‍ വളര്‍ച്ച 8 ശതമാനവും ആയിരുന്നു.