റാഞ്ചി: വര്‍ഗീയതയെ വിമര്‍ശിച്ച് സംസാരിച്ചതിന്റെ പേരില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രസെയോട് പ്രസംഗം നിര്‍ത്തി പോകാന്‍ ബി.ജെ.പി. മന്ത്രിമാരായ രാധാ മോഹന്‍ സിങ്, രന്ദീര്‍ സിങ്, സി.പി സിംഗരെ എന്നിവര്‍ വേദിയില്‍ നിന്നും എഴുന്നേറ്റ് ഡ്രെസെയോട് ഇറങ്ങിപ്പോകൂവെന്ന് ആക്രോശിക്കുകയായിരുന്നു.

മതപരിവര്‍ത്തനത്തിനെതിരായ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ ഗാന്ധിജിയുടേതെന്ന പേരില്‍ തെറ്റായ ഉദ്ധരണി നല്‍കിയത് വലിയ വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ചു സംസാരിച്ചതാണ് ബി.ജെ.പി മന്ത്രിമാരെ പ്രകോപിതരാക്കിയത്.

ഭരണകൂടം തന്നെ വര്‍ഗീയതയെ സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍ അത് കൂടുതല്‍ അപകടകരമാകുമെന്നാണ് സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ച് ഡ്രെസെ പറഞ്ഞത്. ഉടന്‍ ബി.ജെ.പി മന്ത്രിമാര്‍ വേദിയില്‍ നിന്നും ചാടിയെണീറ്റ് ഡ്രെസെ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെടുകയായിരുന്നു.


Must Read: എഴുപത്തൊന്നാം സ്വാതന്ത്ര്യദിന വാര്‍ഷികം 71കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്; യോഗിക്കും മോദിക്കുമുള്ള ഓര്‍മ്മപെടുത്തലുകളുമായി എം.ബി രാജേഷ്


‘സമുദായങ്ങള്‍ക്കിടയില്‍ ഭരണകൂടം തന്നെ വിദ്വേഷം സൃഷ്ടിക്കുമ്പോള്‍ വര്‍ഗീയത ഏറ്റവും അപകടകരമാകുന്നു എന്ന് ഞാന്‍ വാദിച്ചപ്പോഴാണ് അവര്‍ പ്രസംഗം തടസപ്പെടുത്തിയത്.’ ഡ്രസെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ ഡ്രെസെ ആര്‍.എസ്.എസിനെ എതിര്‍ത്തപ്പോഴാണ് താന്‍ ഇടപെട്ടതെന്നാണ് രാധിര്‍ സിങ്ങിന്റെ വിശദീകരണം. ‘ അദ്ദേഹത്തിന് ആര്‍.എസ്.എസിനെക്കുറിച്ച് അറിയില്ലെന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു.’ സിങ് പറയുന്നു.