ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവാണ് സംഭവിക്കുകയെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  നിരക്ക് അഞ്ചു ശതമാനമായിരിക്കും.

Ads By Google

കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.2 ശതമാനം കുറവാണ് രേഖപ്പെടുത്തുക. കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ 1.8 ശതമാനവും , ഉത്പാദന രംഗത്ത് 1.9 ശതമാനവും വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നത്.  2002-03 സാമ്പത്തിക വര്‍ഷത്തിലാണ് മുമ്പ് ഗ്രാഫ് ഇതിലധികം  താഴ്ന്നത്

വെറും നാലുശതമാനമായിരുന്നു അന്ന് സാമ്പത്തിക വളര്‍ച്ച. 2012-13 ല്‍ 5.7-5.9 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു അര്‍ധ വാര്‍ഷിക സാമ്പത്തിക റിവ്യുവില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കൂടാതെ 7.6 ശതമാനമാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്ന്ത്.

എന്നാല്‍ നിരാശ നല്‍കുന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്കെന്നും കഴിഞ്ഞ ആറുമാസങ്ങളിലെ ഉത്പാദനമേഖലയും കയറ്റുമതിരംഗവും തീര്‍ത്തും നിരാശാജനകമായ വളര്‍ച്ചാനിരക്കാണ്  രേഖപ്പെടുത്തിയതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകകൗണ്‍സില്‍ ചെയര്‍മാന്‍  സി രംഗരാജന്‍ പറഞ്ഞു.