ന്യൂദല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷം രാജ്യം 9% വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷങ്ങളിലും മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നടപ്പു സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 8.6 ശതമാനത്തിനടുത്തെത്തുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയില്‍ 5.4 ശതമാനം വളര്‍ച്ച നേടാനാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ ഭക്ഷ്യവിലക്കയറ്റവും പണപ്പെരുപ്പവും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്. വ്യാവസായി വളര്‍ച്ചാനിരക്ക് ഈ സാമ്പത്തികവര്‍ഷം 8.6 ശതമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ പണപ്പെരുപ്പ നിരക്ക് നിലവിലെ എട്ടുശതമാനത്തില്‍ നിന്നും ഏഴുശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.