എഡിറ്റര്‍
എഡിറ്റര്‍
‘കൊല്ലുന്ന കൈ’: മോഡിയുടെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
എഡിറ്റര്‍
Thursday 21st November 2013 9:39pm

narendra-modi

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അടയാളത്തെ കൊല്ലുന്ന കൈ എന്ന് വിശേഷിപ്പിച്ച മോഡിയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി.

ഇത് സംബന്ധിച്ച് മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പക്വമായ രാഷ്ട്രീയ സംഭാഷണങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി. മോദി പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി.

ഛത്തീസ്ഗഡിലെ ദോന്‍ഗര്‍ഗഡില്‍  നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഛത്തീസ്ഗഡിനെ കൊല്ലുന്ന കയ്യില്‍ നിന്ന മോചിപ്പിക്കണമെങ്കില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു.

കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തെ കൊല്ലുന്ന കൈ എന്ന് വിശേഷിപ്പിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നത്തെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ കോണ്‍ഗ്രസിനെ മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനെക്കൂടിയാണ് അവഹേളിച്ചതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിയോട്  വിശദീകരണം തേടുകയായിരുന്നു. കൊല്ലുന്ന കൈ ഒരു നാടന്‍ പ്രയോഗമാണെന്നായിരുന്നു മോഡിയുടെ വിശദീകരണം. മോഡിയുടെ ഈ വിശദീകരണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement