ന്യൂദല്‍ഹി: ഒരേസമയം രണ്ടു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്ന പരാതതിയില്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്. കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ നോട്ടീസിന് അഹമ്മദ് മറുപടി നല്‍കിയിരുന്നില്ല. മറുപടി നല്‍കുന്നതിന് കമ്മീഷന്‍ അഹമ്മദിന് അനുവദിച്ച സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്ന പാര്‍ടിയുടെ ദേശീയ അധ്യക്ഷനായിരിക്കുന്നതോടൊപ്പം മുസ്‌ലിം ലീഗ് കേരള സംസ്ഥാനസമിതിയുടെ പ്രതിനിധിയായി അഹമ്മദ് ലോക്‌സഭാ അംഗമായി തുടരുന്നതാണ് അഹമ്മദിനെ പ്രതിസന്ധിയിലാക്കിയത്. ഇതു ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് തമിഴ്‌നാട് ഘടകം പ്രസിഡന്റ് എം.ജി ദാവൂദ് മിയാഖാന്‍ നല്‍കിയ പരാതിയിലാണ് കമീഷന്റെ നടപടി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും മുസ്‌ലിം ലീഗ് കേരള സംസ്ഥാന സമിതിയും തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ടീയ പാര്‍ട്ടികളാണ്. മുസ്‌ലിം ലീഗ് കേരള സംസ്ഥാന സമിതിയുടെ സ്ഥാനാര്‍ഥിയായാണ് അഹമ്മദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, 2008ല്‍ അഹമ്മദ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരേസമയം എങ്ങനെ രണ്ട് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായി തുടരുന്നതെങ്ങിനെയാണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അഹമ്മദിനോട് ആരാഞ്ഞത്.

ഉടന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ ഏഴിനാണ് കമ്മീഷന്‍ അഹമ്മദിനു കത്തുനല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്നും കമീഷന്‍ അറിയിച്ചിരുന്നു. കത്ത് ലഭിച്ച അഹമ്മദ് മറുപടി നല്‍കാന്‍ മൂന്നുമാസം സാവകാശം തേടി. അഭ്യര്‍ഥന അനുവദിച്ച കമ്മീഷന്‍ മൂന്നുമാസത്തിനകം മറുപടി ലഭിക്കണമെന്നും അതല്ലെങ്കില്‍ തൃപ്തികരമായ മറുപടി ഇല്ലെന്നു കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അറിയിച്ച് ആഗസ്ത് അഞ്ചിനു അഹമ്മദിന് വീണ്ടും കത്തുനല്‍കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 29എ വകുപ്പു പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായ വ്യക്തി തെരഞ്ഞെടുപ്പു കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു പാര്‍ട്ടിയിലൊന്നും അംഗമാകാന്‍ പാടില്ല. നിയമ ലംഘനം തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് അയോഗ്യനാക്കപ്പെടും.

Malayalam News