ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഉച്ചയ്ക്ക് 1.10 ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 ഉം 5.2 ഉം രേഖപ്പെടുത്തിയ ഭൂചലനങ്ങളാണുണ്ടായതെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പം 15-20 മിനുട്ട് നീണ്ടുനിന്നു.

ഹരിയാനയിലെ ബുഹാദൂര്‍ഗഢ് ആണ് പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഹരിയാനയില്‍ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണെങ്കിലും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

ഹരിയാനയിലെ ഉക്‌ലാനയില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏത് ഘട്ടത്തിലും സജ്ജരായിരിക്കാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിനോട് ചീഫ് പ്രകാശ്മിശ്ര പറഞ്ഞു.

ദല്‍ഹിയില്‍ ദക്ഷിണ ദല്‍ഹിയിലാണ് പ്രകമ്പനം വ്യക്തമായി അനുഭവപ്പെട്ടത്. ദല്‍ഹിയില്‍ പ്രകമ്പനത്തിന്റെ ആഘാതത്തില്‍ ചില മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം നിലച്ചതായി അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 8ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹരിയാനയില്‍ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 18 ന് സിക്കിം നേപ്പാള്‍ ബോര്‍ഡറില്‍ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 6.8 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Malayalam news

Kerala news in English