ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. ആയിരത്തിലേറെ പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. ഇന്ത്യന്‍ സമയം പകല്‍ നാലരയോടെയായിരുന്നു ഭൂകമ്പം.

Subscribe Us:

വടക്കുകിഴക്കന്‍ മേഖലയിലെ വാന്‍ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തോടെ കെട്ടിടങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങുകയാണ്. പ്രവിശ്യയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും താറുമാറായിരിക്കുകയാണ്.

വാന്‍ പ്രവിശ്യയിലെ എറിക് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള പ്രവിശ്യ കൂടിയാണ് ഇറാന്‍ അതിര്‍ത്തി പ്രദേശമായ എറിക്. വാന്‍ പ്രവിശ്യയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടബ്ലാനി ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇറാന്‍ അതിര്‍ത്തിയോടടുത്തുള്ള വാന്‍ നദിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലുണ്ടായ ഭൂചലനം തുര്‍ക്കിയിലുണ്ടായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചതാകാനാണ് സാധ്യത- ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളും മെഡിക്കല്‍ സംഘങ്ങളും തയ്യാറായിക്കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിര്‍ത്ത്, ബാത് മാന്‍, ഡിയാര്‍ബകിര്‍, മാര്‍ഡിന്‍ തുടങ്ങിയ നഗരങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3,80,000 പേരിലധികം ജനസംഖ്യയുള്ള വാന്‍ പ്രവിശ്യയില്‍ കുര്‍ദ് വംശജരാണ് അധിവസിക്കുന്നത്.

എറിക് പ്രവിശ്യയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള അര്‍മീനിയന്‍ തലസ്ഥാനമായ യെരെവാനെയും പരിഭ്രാന്തിയിലാഴ്ത്തി. ഝനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് നിലവിളിച്ച് കൊണ്ട് ഇറങ്ങിയോടുകയാണുണ്ടായത്. 1988-ല്‍ അര്‍മീനിയയിലുണ്ടായ ഭൂകമ്പത്തില്‍ 25,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാനിയന്‍ അതിര്‍ത്തി പ്രദേശങ്ങളെയും ഭൂകമ്പം പരിഭ്രാന്തിയിലാഴ്ത്തി. മാക്കു, സല്‍മാസ്, ഖോയി എന്നീ ഇറാനിയന്‍ പ്രദേശങ്ങളെ ബാധിച്ചിരുന്നെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

1999-ല്‍ ഇന്നുണ്ടായതിന് സമാനമായ ഭൂകമ്പത്തില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2010 മാര്‍ച്ചില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ 51 പേര്‍ കെല്ലപ്പെട്ടിരുന്നു. 2003-ല്‍ 177 പേരുടെ ജീവനപഹരിച്ച ഭൂകമ്പം തെക്കു കിഴക്കന്‍ നഗരമായ ബിങ്കോളിലായിരുന്നു. എന്നാല്‍ 1939-ലെ എര്‍സിന്‍കാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 160,000-ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.