കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്നിടത്ത് വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് വിള്ളലുകള്‍ കണ്ടത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗുരുതരമാണ്.

ഭൂചലനത്തിനുശേഷം ജലവിഭവവകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. പുതിയ വിള്ളലുകള്‍ രൂപപ്പെട്ടതിന് പുറമേ മുമ്പുണ്ടായ വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ വ്യക്തമായി.

മുല്ലപ്പെരിയാര്‍ മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനവും ബുധനാഴ്ചത്തെ തുടര്‍ചലനവും അണക്കെട്ടിന്റെ സുരക്ഷയെ എത്രമാത്രം ബാധിച്ചുവെന്നത് കൂടുതല്‍ പരിശോധനയ്ക്കുശേഷമേ മനസിലാക്കാന്‍ കഴിയൂവെന്ന് സംഘം പറഞ്ഞു.