ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. ഒയാമയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 20 സെക്കന്റ് നീണ്ടു നിന്ന പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം നിരവധി തവണ ഇവിടെ തുടര്‍പ്രകമ്പനങ്ങളുണ്ടായിരുന്നു. ഇന്നുണ്ടായ ഭൂചലനവും തുടര്‍ചലനത്തിന്റെ ഭാഗമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതിനിടെ തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായ ഫുകുഷിമയിലെ ആണവ നിലയത്തില്‍ നിന്നും തൊഴിലാളികള്‍ പിന്‍വാങ്ങുന്നു. സ്‌ഫോടനങ്ങളും തീപിടിത്തവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജോലിക്കാരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുവികിരണ ഭീതിയെ തുടര്‍ന്ന് ആണവനിലയത്തിലെ എല്ലാ ജോലികളും നിര്‍ത്തിവച്ചു. നിലയത്തിലെ ശീതീകരണത്തിനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുകയാണ്.

അതേ സമയം സ്‌ഫോടനമുണ്ടായ ഫുകുഷിമ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറിലും തീപിടിച്ചു. ഭൂകമ്പമുണ്ടാകുന്നതിനു മുമ്പ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട നാലാം റിയാക്ടറിലെ ഉപയോഗിച്ച ഇന്ധനം തിളച്ചാണ് തീപിടുത്തമുണ്ടായത്. മൊത്തം ആറു റിയാക്ടറുകളാണ് ഫുകുഷിമ ആണവനിലയത്തിലുള്ളത്.