ടോക്കിയോ: വടക്കുകിഴക്കന്‍ ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതേത്തുടര്‍ന്ന് ജാപ്പനീസ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ജപ്പാന്റെ കിഴക്കന്‍ ദ്വീപായ ഹോന്‍ഷുവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം രാവിലെ 6.30നായിരുന്നു ഭൂകമ്പം.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തീരപ്രദേശത്തുനിന്നു ഒഴിഞ്ഞുപോകണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 സെന്റീമീറ്റര്‍ തീവ്രതയില്‍ സുനാമിയടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നാലു മാസത്തിനിടെ ജപ്പാനില്‍ അനുഭവപ്പെടുന്ന ശക്തമായ ഭൂചലനമാണിത്.

ഭൂകമ്പത്തെതുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ച്ച് 11 നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 15,400 പേരാണ് മരിച്ചത്. 9.0 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നു അണുപ്രസരണം ഇപ്പോഴും നേരിടുണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.