എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കിയില്‍ വീണ്ടും ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
എഡിറ്റര്‍
Saturday 10th March 2012 8:34am

കട്ടപ്പന: ഇടുക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.47 ഓടെ രണ്ടു തവണ ഭൂചലനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി. ചെറുതോണി, വളകോട്, കട്ടപ്പന, കുമളി, പീരുമേട് മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ 2.1 തീവ്രത അനുഭവപ്പെട്ടിരുന്നു. 10 മാസത്തിനിടെ ഉണ്ടാകുന്ന 34 ാമത്തെ ഭൂചലനമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലായതിന്റെ പശ്ചാത്തലത്തില്‍ നേരിയ ഭൂചലനം പോലും ഭയത്തിനിടയാക്കുന്നുണ്ട്.

ഇന്നുണ്ടായത് നേരിയ ഭൂചലനമായതിനാല്‍ കാര്യമായ പ്രകമ്പനം അനുഭവപ്പെട്ടില്ല. ഇടുക്കി അണക്കെട്ടിനടുത്തും കുളമാവിലും ആലടിയിലും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം പ്രഭവകേന്ദ്രമായ ഉളുപ്പുണിയോട് അടുത്ത പ്രദേശമാണ് പ്രഭവകേന്ദ്രം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭ്രംശമേഖലയിലല്ല ഭൂചലനമെങ്കിലും വളരെ അടുത്ത പ്രദേശത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇപ്പോഴുള്ള ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂചലനം പുലര്‍ക്കാലത്തായതിനാലും പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ ആഴത്തിലായതിനാലും വളരെ കുറച്ചു പേര്‍ക്കെ ഭൂചലനം തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ.

Malayalam news

Kerala news in English

Advertisement