തൊട്ടാല്‍പൊള്ളുന്ന വിലകൊടുത്ത് ഐഫോണ്‍ വാങ്ങിയവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത..  സംസാരിക്കാന്‍മാത്രമല്ല, മറ്റെല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ഐഫോണ്‍വഴി പണം സമ്പാദിക്കാന്‍ സാധിക്കുമെങ്കിലോ..

ഐഫോണ്‍വഴി പണമുണ്ടാക്കാനുള്ള സംവിധാനം വിദേശരാജ്യങ്ങളിലൊക്കെ വന്നുകഴിഞ്ഞു. ഗിഗ്‌വാക്ക് എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ ഉപഭോക്താക്കളെ സഹായിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ സമീപപ്രദേശത്തുള്ള ജോലികളെക്കുറിച്ചുള്ള വിശദവിവരം നമുക്ക് ലഭിക്കും. ഐഫോണിലെ ജിപിഎസ് ആണ് ഇതിനായി നിങ്ങളെ സഹായിക്കുന്നത്.

ഉദാഹരണമായി ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ഒരു ഹോട്ടലില്‍ കയറുക. അവിടെയുള്ള സപ്ലയര്‍മാരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലുംതരത്തിലുള്ള പിശകുകളുണ്ടെങ്കിലോ നിയമവിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാലോ ഫോട്ടോയോ വീഡിയോയോ എടുത്തതിനുശേഷം ആപ്ലിക്കേഷന്‍ വഴി ഗിഗ്‌വാക്ക് അറിയിക്കുക എന്നതാണ് ജോലി. മുന്നൂറു രൂപ മുതല്‍ അഞ്ഞൂറുരൂപ വരെ ലഭിക്കാവുന്ന ഈ ജോലിയ്ക്ക് പേപാള്‍ എന്ന പണക്കൈമാറ്റ സംവിധാനത്തിലൂടെയാണ് പണം നിങ്ങളെ തേടിയെത്തുക.

എന്നാല്‍ എല്ലാ ജോലികള്‍ക്കും ‘ശമ്പളം’ കിട്ടിക്കൊള്ളണമെന്നില്ല. ചില ജോലികള്‍ സേവനങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഉദാഹരണമായി പാര്‍ക്കിലോ റോഡിലോ കിടക്കുന്ന ഒഴിഞ്ഞ കാനുകള്‍ പെറുക്കി ട്രാഷ് ബോര്‍ഡിലിടുക, ബീച്ചിലെ മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ജോലികള്‍ സേവനമായിട്ടാണ് കണക്കിലെടുക്കുക. ഇത്തരം ജോലികള്‍ക്ക് ശമ്പളത്തിനുപകരം ‘വിശ്വാസ്യത’ എന്നര്‍ത്ഥംവരുന്ന ‘സ്ട്രീറ്റ്‌ക്രെഡ്’ പോയിന്റുകള്‍ ലഭിക്കും. സ്ട്രീറ്റ്‌ക്രെഡ് പോയിന്റുകള്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികള്‍ ഉടമസ്ഥരെ തേടിയെത്തും.

ഗിഗ്‌വാക്ക് ജോലികള്‍ ചെയ്ത് ഒരു മാസംകൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിച്ചവര്‍ വിദേശത്തുണ്ട്. ഈ സംവിധാനം അധികം താമസിയാതെ ഇന്ത്യയിലുമെത്തുമെന്നാണ് സൂചന. നമുക്ക് കാത്തിരിക്കാം.