ന്യൂദല്‍ഹി: സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചിമെട്രോ റെയില്‍പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാനാവില്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍. കേന്ദ്രമന്ത്രി കെ.വി തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോ പദ്ധതിയില്‍ സ്വകാര്യപങ്കാളിത്തം ലഭിക്കാന്‍ പ്രയാസമാണ്. ആരെങ്കിലും അതിന് തയ്യാറായാല്‍ തന്നെ പദ്ധതി ഇഴഞ്ഞുനീങ്ങാനാണ് സാധ്യതയെന്നും ശ്രീധരന്‍ പറഞ്ഞു. കൂടാതെ അടിസ്ഥാനസൗകര്യവികസനത്തിനായി കേന്ദ്രം അനുവദിച്ച 148 കോടിരൂപ ഉടനേ വിനിയോഗിക്കണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടു.

അതിനിടെ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കെ.വി തോമസ് പറഞ്ഞു. കൊച്ചിമെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സഹായത്തോടെ നടപ്പാക്കണമെന്നായിരുന്നു മുന്‍സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.