സിനിമാ പ്രചാരണ സങ്കല്‍പങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ട് സിനിമാപ്പത്രം വരുന്നു. സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് പത്രമിറങ്ങുന്നത്.

പ്രദര്‍ശനത്തിനൊരുങ്ങുന്ന സിബി മലയിലിന്റെ വയലിന്‍ എന്ന ചിത്രമാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. വയലിന്റെ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്ന സ്‌ട്രൈക്കേഴ്‌സ് ആന്റ് ക്രൂവിന്റെ ആശയത്തെ സിബി മലയില്‍ സ്വാഗതം ചെയ്തതോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് പിന്നണിപ്രവര്‍ത്തകര്‍.

പേപ്പര്‍വയലിന്‍ എന്നു പേരിട്ടിരിക്കുന്ന പത്രം വിദേശനഗരങ്ങളിലെ കോഫിന്യൂസ്‌പേപ്പര്‍ സങ്കല്‍പത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. പത്രത്തിന്റെ സ്വഭാവത്തില്‍ ടാബ്ലോയിഡ് ജേര്‍ണലിസം കലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ആസിഫ് അലി, നിത്യ മേനോന്‍ എന്നിവരെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പത്രത്തിന്റെ ഒന്നാംപേജ് തുടങ്ങുന്നതുതന്നെ. മാത്രമല്ല, വയലിനില്‍ മമ്മൂട്ടിയുണ്ടോ എന്ന തലക്കെട്ടും ഒന്നാംപേജില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമെ ചിത്രത്തിലെ താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളും ജനങ്ങളെ ആകര്‍ഷിക്കാനായി പത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സ്‌ട്രൈക്കേഴ്‌സ് ആന്റ് ക്രൂവിന്റെ അമരക്കാരനായ ഷാസ്ബീറാണ് പേപ്പര്‍വയലിന്റെ എഡിറ്റര്‍. ദീപു നാരായണന്‍, മരിയ ജോണ്‍ കെ എന്നിവര്‍ പ്രധാന റിപ്പോര്‍ട്ടമാരായി. 8 കളര്‍ പേജും 4 ബ്ലാക്ക് ആന്റ് വൈറ്റ് പേജുകളുമുള്ള പത്രത്തിന്റെ ആദ്യ എഡിഷന്‍ 25000 കോപ്പികളാണ്.

ദിനപ്പത്രങ്ങള്‍ക്കുള്ളില്‍വെച്ചും വിവിധ അസോസിയേഷനുകള്‍വഴിയുമാണ് പേപ്പര്‍വയലിന്‍ വീടുകളിലെത്തിക്കുന്നത്. രണ്ടാംഘട്ടമായി പ്രമുഖരടക്കമുള്ള അഡ്രസ് ബാങ്ക് ഉണ്ടാക്കിയശേഷം കൊറിയറില്‍ നല്‍കും. ചിത്രം പ്രദര്‍ശനത്തിനെത്തുന്ന ജൂലൈ ഒന്നുവരെ ഈ വിതരണം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടാതെ ഇ-പേപ്പര്‍ രൂപത്തിലും പേപ്പര്‍വയലിന്‍ പ്രചരിപ്പിക്കും. അമ്പത് ലക്ഷത്തിലധികം വരുന്ന വായനക്കാരില്‍ ഓണ്‍ലൈനായി പത്രം എത്തിക്കും.