കണ്ണൂര്‍: കണ്ണൂരില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച സമാധാനയോഗത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. രാവിലെ പത്രത്തില്‍ വായിച്ചാണ് സമാധാനയോഗം നടക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നും പി. ജയരാജന്‍ പറഞ്ഞു.

രാവിലെ തങ്ങളെ അറിയിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നശേഷം എ.ഡി.എം ഫോണില്‍ വിളിച്ചുവെന്നും യോഗവിവരം അറിയിക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചതായും പി. ജയരാജന്‍ പറഞ്ഞു. 12 മണിക്കാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 12 മണിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നും സമയം മാറ്റണമെന്നും പി. ജയരാജന്‍ എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എം. ഷാജി എം.എല്‍.എക്ക് നേരെ കണ്ണൂരില്‍ അക്രമമുണ്ടായെന്ന മുസ്ലിം ലീഗിന്റെ പ്രചാരണം കള്ളക്കഥയാണെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെന്നും ജയരാജന്‍ വ്യക്തമാക്കി. പട്ടുവത്ത് താനുള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കാള്‍ക്കെതിരെ നടന്ന വധശ്രമത്തില്‍ പ്രതിക്കൂട്ടിലായ മുസ്ലിം ലീഗ് പ്രശ്‌നം വഴിതിരിച്ചുവിടാനാണ് ഇല്ലാത്ത ആക്രമണത്തെക്കുറിച്ച് പറയുന്നത്.

താനുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കുനേരെ പട്ടുവത്ത് നടന്നത് അസൂത്രിതമായ വധശ്രമമാണ്. ഞങ്ങളുടെ വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് എന്നുപറയുന്നത് വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. ഞങ്ങളെ അക്രമിച്ചത് ലീഗുകാര്‍ തന്നെയാണ്. മുസ്ലിം ലീഗിലെ തീവ്രവാദികളാണ് അക്രമത്തിന് പിന്നില്‍. ഇവരെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വത്തിന് സാധിക്കുന്നില്ല. -ജയരാജന്‍ വ്യക്തമാക്കി

Malayalam News

Kerala News In English