കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരേയുള്ള അപകീര്‍ത്തികരമായ ഈ-മെയില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മെയില്‍ പ്രചരിപ്പിച്ചതിന് മൊയ്തുവിനെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ ബി ആര്‍ പി ഭാസ്‌കറാണ് ഇതേ മെയില്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബി ആര്‍ പിയെക്കൂടാതെ സി ആര്‍ നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍ എന്നിവരുടേ നേതൃത്വത്തിലുള്ള ബ്ലോഗില്‍ വിവാദമായ ഈ-മെയില്‍ അതുപോലെ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് സഖാവ് പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ കുറിപ്പ് എന്ന തലക്കെട്ടോടെയുള്ളതാണ് മെയില്‍. ‘സന്ദേശം’ എന്ന സിനിമയില്‍ ശങ്കരാടിയും ശ്രീനിവാസനുംതമ്മിലുള്ള സംഭാഷണമാണ് മെയില്‍ നല്‍കിയിരിക്കുന്നത്.

മെയിലിനുതാഴെ ബി ആര്‍ പി ഭാസ്‌കര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശം ഫോര്‍വേഡ് ചെയ്തതിന് മൊയ്തു എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തതിനെ ബി ആര്‍ പി അപലപിക്കുന്നുണ്ട്. ഇത്തരം മെയിലുകള്‍ താന്‍ ഇനിയും ഫോര്‍വേഡ് ചെയ്യുമെന്നും ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ പോലീസിന് പരാതി നല്‍കട്ടെയെന്നുമുള്ള വെല്ലുവിളിയും ബി ആര്‍ പി ഭാസ്‌കര്‍ ബ്ലോഗില്‍ നടത്തിയിട്ടുണ്ട്.