തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ലെന്നും അങ്ങനെ മറുപടി പറയുന്നത് ശരിയല്ലെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇന്നലത്തേത് സ്വാഭാവിക നടപടിയാണ്. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചിരുന്നു. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതിലായിരുന്നു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

താല്‍ക്കാലിക ടെന്റുകള്‍ക്കു തീയിട്ട നടപടിയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുപിന്നാലെ കോട്ടയത്തെ സി.ഐ.ടി.യു സമ്മേളന സ്ഥലത്തുവച്ചും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി.

കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല.


Dont Miss മതമാഫിയകളുടെ കുരിശുകൃഷി സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുളെന്താണ്?: ജോയ് മാത്യു ചോദിക്കുന്നു 


144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. എല്ലാം പരസ്യമായി പറയാനില്ല. ബാക്കി നാളെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.

ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്.

വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.