എഡിറ്റര്‍
എഡിറ്റര്‍
അപമാനിച്ച് ഒഴിവാക്കരുത്, തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണം: ഇ.അഹമ്മദ്
എഡിറ്റര്‍
Sunday 9th March 2014 11:05am

e.-ahammed

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സഹായം തേടി ഇ.അഹമ്മദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

തന്നെ അപമാനിച്ച് ഒഴിവാക്കരുതെന്ന് അഹമ്മദ് തങ്ങളോട് അഭ്യര്‍ഥിച്ചതായാണ് സൂചന.

പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് അവഗണിച്ച്  ലീഗ് മുമ്പ് പലര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുമുണ്ടെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവസാനകാലത്ത് തന്നെ ഒഴിവാക്കരുതെന്നും തിഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്നും അഹമ്മദ് തങ്ങളോട് അഭ്യര്‍ഥിച്ചു.

വിദേശകാര്യ സഹമന്ത്രിയായതിനാലാണ് മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതെന്നും അഹമ്മദ് തങ്ങളെ ധരിപ്പിച്ചു.

മണ്ഡലത്തില്‍ ഇ.അഹമ്മദിന്റെ സാന്നിധ്യം കുറവായിരുന്നെന്നും ഇത്തവണ മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാവുമെന്നും യൂത്ത് ലീഗ് വിമര്‍ശിച്ചിരുന്നു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തിങ്കളാഴ്ച അന്തിമതീരുമാനമെടുക്കുമെന്ന് തങ്ങള്‍ മറുപടി നല്‍കി. എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിക്കുമെന്നും പാണക്കാട് തങ്ങള്‍ വ്യക്തമാക്കി.

അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം പരിശോധിക്കുവാന്‍ ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളും കെ.പിഎ മജീദും ചര്‍ച്ച നടത്തിയിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലി എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നും മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി അഹമ്മദിനെ അറിയിച്ചിരുന്നു.

ഇ.അഹമ്മദിന് പകരം ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.

Advertisement