കോഴിക്കോട്: താന്‍ റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് കേന്ദ്ര മന്ത്രി ഇ.അഹമ്മദ് പറഞ്ഞു. റെയില്‍വേയുടെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും ഫ്‌ളാഷും ചേര്‍ന്ന് തിരുവനന്തപുരത്ത് റെയില്‍വേ വികസനത്തിനെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അഹമ്മദ്.

റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു. ആര്യാടന്‍ പറഞ്ഞതിന്റെ വിശദീകരണം അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും അഹമ്മദ് പറഞ്ഞു. ആര്യാടന്‍, പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഒ.രാജഗോപാലിന്റേയും കാലത്താണ് കേരളത്തില്‍ റെയില്‍വേ വികസനം ഉണ്ടായതെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.