എഡിറ്റര്‍
എഡിറ്റര്‍
ഇ. അഹമ്മദ് എം.പി അന്തരിച്ചു
എഡിറ്റര്‍
Wednesday 1st February 2017 7:23am

ahammed

ന്യൂദല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു (78).
ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ആശുപത്രയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച ദല്‍ഹിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

ആശുപത്രിയിലെത്തിച്ചിരുന്ന ഇ. അഹമ്മദിനെ കാണാനെത്തിയ മകനുള്‍പ്പടെയുള്ളവരെയും കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെയും ആശുപത്രിയിലേക്ക് കടത്തിവിടാതിരുന്നത് വിവാദമായിരുന്നു. ഇന്ന് ബജറ്റ് അവതരണമായതിനാല്‍ അതു തടസപ്പെടാതിരിക്കാനാണ് ആരെയും ആശുപത്രിക്കകത്തേക്ക് കടത്തി വിടാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു.

ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഇ. അഹമ്മദിന്റെ മകനടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

1938 ഏപ്രില്‍ 29ന് കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ സിറ്റിയിലാണ് അദ്ദേഹത്തിന്റെ ജനനം. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, ഗവണ്‍മെന്റ് ലോ കോളേജ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. അഞ്ച് തവണ നിയമസഭയിലേക്ക് ഇ.അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  സംസ്ഥാനത്ത് വ്യവസായ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് (19671991,19821987).

1995 ല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി.

1971 മുതല്‍ 77 വരെ കേരള സ്റ്റേറ്റ് റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, ചെറുകിട വ്യവസായ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ (197980), കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ (19811983) എന്നീ പദവികളും ഇ. അഹമ്മദ് കൈകാര്യം ചെയ്തിട്ടുണ്ട്.

1991 ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 96,98,99,2004, 2009, 2014 വര്‍ഷങ്ങളിലും പാര്‍ലമെന്റിലേക്് തെരഞ്ഞടുക്കപ്പെട്ടു. 2004 ല്‍ ആദ്യമായി യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായി. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയുമായി 2011 ല്‍ അദ്ദേഹം വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.

വിദേശകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ടൂറിസം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതിവനം തുടങ്ങീ പാര്‍ലമെന്റിന്റെ സുപ്രധാന കമ്മിറ്റികളിലെല്ലാം ഇ. അഹമ്മദ് അംഗമായിരുന്നു.

കേന്ദ്ര സര്‍ക്കാരില്‍ അംഗമായിരിക്കെ നിരവധി രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ഇ. അഹമ്മദ് 10 തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോയിട്ടുണ്ട്. ഇന്ത്യയുടെ ഹജ്ജ്ക്വാട്ട 72000ത്തില്‍ നിന്നും 170000മാക്കിയ ഉയര്‍ത്തിയത് ഇ. അഹമ്മദിന്റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി നാല് പുസ്തകങ്ങള്‍ ഇ. അഹമ്മദ് എഴുതിയിട്ടുണ്ട്. പരേതയായ സുഹറ അഹമ്മദാണ് അദ്ദേഹത്തിന്റെ ഭാര്യ. മൂന്നു മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

Advertisement