കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ലീഗ് നേതാവുമായ ഇ.അഹമ്മദ് പറഞ്ഞു. കോഴിക്കോട് കടപ്പുറത്തു നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഹമ്മദ്.

ലീഗിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ടവരാണ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്രപെട്ടെന്ന് തകരുന്ന പാര്‍ട്ടിയല്ല ലീഗ്. ലീഗിനെ ഭയപ്പെടുത്താന്‍ മാത്രം വി.എസ് വളര്‍ന്നിട്ടില്ല. മതന്യൂനപുക്ഷസമുദായങ്ങള്‍ക്ക് എന്നും തുണയായിട്ടുള്ള പ്രസ്ഥാനമാണ് ലീഗെന്നും അഹമ്മദ് പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന ഭരണത്തിനെതിരേ കടുത്ത വിമര്‍ശനമാണ് നടത്തിയത്. തൊഴിലാളിപ്പാര്‍ട്ടിയെന്ന പേരില്‍ വീമ്പുനടിക്കുന്ന സി.പി.ഐ.എം തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ്. കേന്ദ്രം നല്‍കിയ പല ഫണ്ടുകളും വകമാറ്റിചിലവഴിച്ച് പദ്ധതികളെ അട്ടിമറിക്കുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സി.പി.ഐ.എം ചെയ്തതെന്ന് ശിഹാബ് തങ്ങള്‍ ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, പി.എം.എ സലാം എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.