സിനിമ: ഈ അടുത്ത കാലത്ത്

കഥ: മുരളി ഗോപി

സംഗീതം:ഗോപി സുന്ദര്‍

ഛായാഗ്രഹണം: ഷഹ്നാദ് ജലാല്‍

സംവിധാനം: അരുണ്‍കുമാര്‍ അരവിന്ദ്

നിര്‍മ്മാണം: രാജു മല്യത്ത്

ഫസ്റ്റ് ഷോ/ജിന്‍സി ബാലകൃഷ്ണന്‍

തളര്‍ന്നു കിടന്ന മലയാള സിനിമയുടെ ക്ഷീണം കുറേയൊക്കെ മാറിയത് ഈ അടുത്ത കാലത്താണ്. ട്രാഫിക്, സോള്‍ട്ട്് ആന്റ് പെപ്പര്‍ ചാപ്പാകുരിശ്, ബ്ലൂട്ടിഫുള്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അമാനുഷികനായ നായക കഥാപാത്രത്തിന്റെയും, ഫാന്‍സുകാരുടെ കയ്യടി പ്രതീക്ഷിച്ചെഴുതുന്ന തിരക്കഥകളുടെയും പിറകേ പരമ്പരാഗത സംവിധായകര്‍ പോകുമ്പോള്‍ പുതിയ പരീക്ഷണങ്ങളിലൂടെ നവാഗതര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കോക് ടെയ്‌ലിലൂടെ പുതിയ കാലത്തെ മലയാള സിനിമയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞ അരുണ്‍കുമാര്‍ പുതിയ സിനിമയുമായെത്തുമ്പോള്‍ ഒരു പടി മുന്നിലല്ലാതെ ഒട്ടും പിറകോട്ട് പോയിട്ടില്ല. തിരക്കഥ മോഷ്ടിച്ചുവെന്ന ചീത്തപേര് കോക് ടെയ്‌ലിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. രണ്ടാമത്തെ ചിത്രമായ  ഈ അടുത്ത കാലത്തിലെത്തുമ്പോള്‍ ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങള്‍ക്ക് പ്രതിഫലിപ്പിക്കുന്ന ഒരു തിരക്കഥ അദ്ദേഹത്തിന് കണ്ടെത്താനായി എന്നതാണ് ആദ്യം വിജയം.

കുറേ പേരുടെ ജീവിതങ്ങള്‍ ഒരു കേന്ദ്രബിന്ദുവില്‍ കൊണ്ടുവരിക അതാണ് ട്രാഫിക്കില്‍ നാം കണ്ട ശൈലി.  ഏറെക്കുറെ അതിന് സമാനമായ രീതിയാണ് പുതിയ ചിത്രത്തില്‍ തിരക്കഥാകൃത്ത് മുരളി ഗോപി സ്വീകരിച്ചത്. ചപ്പചവറുകളില്‍ നിന്നും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വിഷ്ണുവും അദ്ദേഹത്തിന്റെ കുടുംബവും. നഗരമാലിന്യങ്ങളെല്ലാം എത്തിച്ചേരുന്ന തോപ്പില്‍ശാലയില്‍ എല്ലാദിവസവും രാവിലെ വിഷ്ണുവെത്തും. വെയ്‌സ്റ്റെന്ന് പറഞ്ഞ് നാഗരികള്‍ വലിച്ചെറിയുന്ന സാധനങ്ങളില്‍ നിന്നാണ് വിഷ്ണു ജീവിക്കാനുള്ള പണം കണ്ടെത്തുന്നത്. മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും മറ്റുംശേഖരിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കി അത് വിറ്റാണ് വിഷ്്ണുവും അമ്മയും ഭാര്യ രമണിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്.

മറുവശത്ത് നഗരത്തിലെ വന്‍കിട ആശുപത്രി മുതലാളിമാരിലൊരാളായ അജിത് കുര്യന്‍, ഭാര്യ മാധുരി, മകന്‍ എന്നിവരടുങ്ങുന്ന കുടുംബം. എല്ലാ സൗകര്യങ്ങളുടെയും മധ്യത്തിലായിരുന്നിട്ടും ഒട്ടും സന്തോഷമില്ലാത്ത മൂന്ന് പേര്‍. അജിതിന് മാനസികമായ പ്രശ്‌നങ്ങളാണെങ്കില്‍ ആ അജിതാണ് മാധുരിയുടെയും മകന്റെയും പ്രശ്‌നം. സ്‌കോട്ട്‌ലാന്റില്‍ ട്രെയിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ പോലീസ് കമ്മീഷണറും മാധ്യമപ്രവര്‍ത്തകയും മാധുരിയുടെ കൂട്ടുകാരിയുമായ രൂപയും.

വ്യത്യസ്തമായ ദിശകളിലൂടെ സഞ്ചരിക്കുന്ന ഈ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ജീവിതത്തിന്റെ ഒരുമൂലയില്‍ ഒത്തുചേരുന്നു. ഈ ഒത്തുചേരലിന്റെ അവസാനം ഇരുകുടുംബങ്ങളിലെയും പ്രശ്‌നങ്ങളുടെ അന്ത്യമാകുന്നു.

അധിനാടകീയതയുടെയും അമാനുഷികതയുടെയും പിന്‍ബലമില്ലാതെ ലളിതമായി പറഞ്ഞ കാലികപ്രസക്തിയുള്ള കഥ. അതിനെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത സംവിധായകന്‍. ശക്തമായ തിരക്കഥ. മികച്ച അഭിനേതാക്കള്‍. ഇതൊക്കെയുണ്ടായിരുന്നിട്ടും ടെക്‌നിക്കലി നിലവാരം പുലര്‍ത്താന്‍ ഈ സിനിമയ്ക്കായിട്ടില്ല. ക്യാമറയും ഡബ്ബിംഗിലുമൊക്കെയുണ്ടായി പിഴവുകള്‍ സിനിമയുടെ നിറം കെടുത്തുന്നു. ഡബ്ബിംഗില്‍ മൈഥിലിയുടെയും മാധുരിയുടെ അമ്മയുടെയും ഡയലോഗുകള്‍ പലപ്പോഴും അലോസരമായിരുന്നു.

ആദ്യ പകുതിയില്‍ സംഭവിച്ച പലപിഴവുകളെയും മറയ്ക്കുന്നതായിരുന്നു രണ്ടാം പകുതി. തുടക്കത്തിലുണ്ടായ ചില ക്യാമറ പ്രശ്‌നങ്ങള്‍ സിനിമ നീങ്ങുമ്പോള്‍ പ്രേക്ഷകന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല. ടൈറ്റിലിനൊപ്പം എഴുതികാണിച്ചതുപോലെയായിരുന്നു തിരക്കഥ. ഒരു റുബിക് ക്യൂബ് സോള്‍വ് ചെയ്യുന്നതുപോലെ. ഒടുക്കും പലവഴികളിലൂടെ സഞ്ചരിച്ച്  ഒട്ടും ധൃതി കാട്ടാതെ തിരക്കഥാകൃത്ത് തന്റെ കഥയെ പൂര്‍ണതയിലെത്തിക്കുന്നു. സാഹചര്യത്തിന് അനുയോജ്യമായ ഡയലോഗുകള്‍. അടുത്ത കാലത്തെ സിനിമകള്‍ കണ്ടാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍മാത്രമാണ് സിനിമയില്‍ കോമഡിയെന്ന് തോന്നിയിരുന്നു. എന്നാല്‍ അത്തരം ചവറ് പദപ്രയോഗങ്ങള്‍ അധികം ഉപയോഗിക്കാതെ തന്നെ പ്രേക്ഷകനെ ചിരിപ്പിക്കാനും ഈ അടുത്ത കാലത്തിന് സാധിക്കുന്നുണ്ട്.

തുടക്കത്തില്‍ വോയിസ് ഓവര്‍ കൈരളി ചാനലിലെ സാക്ഷി മോഡലായിപ്പോയി. ചിത്രത്തിന്റെ അവസാന ഭാഗത്ത് ഉപയോഗിച്ച വോയിസ് പക്ഷെ സാഹചര്യത്തിന് അനുയോജ്യമായിരുന്നു. സാഹചര്യത്തിന് അനുയോജ്യമായ വരികളും സംഗീതവും. ഒരിടവേളയ്ക്കുശേഷം നടന്‍ ഇന്ദ്രജിത്ത് ചെയ്ത അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളിലൊന്നാണ് വിഷ്ണുവെന്ന് ഉറപ്പിച്ചു പറയാനാവും. സെന്റിമെന്‍സും, ഭയവും, ദയനീയതയും, പ്രണയവുമെല്ലാം ഈ നടന്‍ മനോഹരമാക്കി. മിക്ക മലയാള സിനിമയിലും നായകന്റെ വാലായി നടക്കാന്‍ മാത്രം വിധിയുളള നായികയെയാണ് നമ്മള്‍ കണ്ടത്. ആ നിലയ്ക്ക് നോക്കുമ്പോള്‍ എന്തെങ്കിലും ചെയ്യാനുള്ള ഒരു കഥാപാത്രമായിരുന്നു തനുശ്രീഘോഷിന്റെ മാധുരി.

മാധുരിയിലൂടെ ശക്തമായ സ്ത്രീ കഥാപാത്രത്തെ കാണിച്ചുതന്ന തിരക്കഥാകൃത്ത് രൂപയിലൂടെ ഒടുക്കും പുരുഷന്റെ തണലില്‍ ഒതുങ്ങേണ്ടവളാണ് സ്ത്രീയെന്ന പരമ്പരാഗത പുരുഷചിന്ത കൊണ്ടുവരാന്‍ ശ്രമിച്ചു. പുരുഷവിരോധിയും വിവാഹത്തിനെതിരുമായിരുന്ന രൂപയ്ക്ക് ഏതോ ഒരു മഞ്ഞപത്രത്തില്‍ വന്ന ഗോസിപ്പ് ഭയന്ന് ഒരു പുരുഷന്റെ തണലില്‍ ഒതുങ്ങിക്കൂടാനാവുന്നു. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച രൂപയുമായി ഒരിക്കലും താരതമ്യം ചെയ്യാനാവാത്ത രൂപയെയാണ് അവസാന ഭാഗത്ത് കണ്ടത്.

ഇന്നത്തെ സമൂഹത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങളുമായി സംവദിക്കുന്നുണ്ട് ഈ അടുത്ത കാലത്ത്. വിളപ്പില്‍ശാല സമരവും, മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഒളിക്യാമറയും ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം നന്മ നഷ്ടപ്പെടാത്ത ഒരു വിഭാഗം ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് വെളിവാക്കുക കൂടി ചെയ്യുന്നു സിനിമ.

Malayalam news

Kerala news in English