തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചുവെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്.പി കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് വി.എസിനെ ചോദ്യം ചെയ്തത്. കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

നേരത്തെ മൊഴിയെടുക്കുന്നതിന് സംഘം തീരുമാനിച്ചിരുന്നെങ്കിലും വി.എസിന്റെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

കേസില്‍ വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷിന്റെ മൊഴി കൂടി രേഖപ്പെടുത്തിയാല്‍ അന്വേഷണം പൂര്‍ത്തിയാകും.

വി.എസിന്റെ ബന്ധുവും വിമുക്ത ഭടനുമായ ടി.കെ സോമന് കാസര്‍ഗോഡ് ഷോണി വില്ലേജില്‍ 2.66 ഏക്കര്‍ ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് അനുവദിച്ചുവെന്നാണ് ആരോപണം. 2010ലാണ് ആലപ്പുഴക്കാരനായ വി.എസ്സിന്റെ ബന്ധു ടി.കെ. സോമന് ഭൂമി പതിച്ചുനല്‍കിയത്. വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്‍,  വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല തോമസ്, ടി.കെ സോമന്‍, മുന്‍ കാസര്‍ഗോഡ് കലക്ടര്‍മാരായ എന്‍.എ കൃഷ്ണന്‍കുട്ടി, ആനന്ദ്‌സിംഗ്, വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെയെല്ലാം നേരത്തെ ചോദ്യം ചെയ്തിരുന്നു.