എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണിത്താന്‍ വധശ്രമക്കേസ്: ഡി.വൈ.എസ്.പി എന്‍. അബ്ദുല്‍ റഷീദ് അറസ്റ്റില്‍
എഡിറ്റര്‍
Monday 16th April 2012 2:01pm

കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍ അബ്ദുല്‍ റഷീദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഈ കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് റഷീദ്.

റഷീദിനെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കും. സി.ബി.ഐ അഡീഷനല്‍ എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചക്ക് എന്‍.എ റഷീദിനെ അറസ്റ്റ് ചെയ്തത്.

കേരള പൊലീസ് സര്‍വീസ് അസോസിയേഷന്‍ പ്രസിഡണ്ടാണ് അറസ്റ്റിലായ എന്‍ .എ റഷീദ്. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഡി.വൈ.എസ്.പി സന്തോഷ് നായരെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കണ്ടെയ്‌നര്‍ സന്തോഷ് എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. സന്തോഷ് നായര്‍ക്ക് പുറമെ റഷീദും ഗൂഢാലോചനയില്‍ പങ്കെടുത്തതായി കണ്ടെയ്‌നര്‍ സന്തോഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

2011 ഏപ്രില്‍ 16 ന് ജോലി കഴിഞ്ഞ് ശാസ്താംകോട്ടയിലെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ഉണ്ണിത്താനെ ഒരു സംഘം ആക്രമിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയത്.

കൊല്ലം ഗസ്റ്റ്ഹൗസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിലുള്ള പ്രതികാരമെന്ന നിലയിലാണ് ഉണ്ണിത്താനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

Advertisement