തിരുവനന്തപുരം: ഐ ടി രംഗത്തെ വിപ്ലവകരമായ മാറ്റം കുത്തകവല്‍ക്കരണത്തിനെതിരെയുള്ള ശക്തമായ പ്രതിരോധത്തിനു വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്‌നായിക്. ഐ ടി രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച സംസ്ഥാന ഐ ടി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവ് കുത്തകവല്‍ക്കരിക്കാന്‍ ആഗോളതലത്തില്‍ ശ്രമം നടക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശനിയമവും മറ്റും ഇതിന്റെ ഭാഗമാണ്. ഏതു വസ്തുവും വിപണനം ചെയ്യാനുള്ള ചരക്കാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോക മുതലാളിത്തം അറിവിനെയും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോക മുതലാളിത്തം അറിവ് കുത്തകയാക്കി വയ്ക്കാന്‍ ശ്രമിക്കുന്നു. നിലവിലുള്ള ആഗോള സാഹചര്യങ്ങളില്‍ ഇതിനു വേഗത കൂടി. സര്‍ക്കാരിന്റെ ഗവേഷണ സൗകര്യങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ ചെറുക്കാന്‍ കഴിയണെമന്നും പ്രഭാത് പട്‌നായിക ഉണര്‍ത്തി.