Administrator
Administrator
ബ്ലോഗിലും ഫേസ്ബുക്കിലും സംഘടിത ഇടപെടല്‍ നടത്തണമെന്ന് ഡി വൈ എഫ് ഐ
Administrator
Saturday 9th January 2010 12:06pm

dyfi-in-kerala തിരുവനന്തപുരം: സംഘടനയുടെ ആശയ പ്രചാരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ബ്ലോഗിലും ഫേസ്ബുക്കിലും സംഘടിത ഇടപെടല്‍ നടത്തണം. പ്രവര്‍ത്തകര്‍ ഓര്‍ക്കൂട്ടില്‍ സമയം പാഴാക്കാതെ ഫേസ് ബുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിയുന്ന സഖാക്കള്‍ സ്വന്തമായി ബ്ലോഗ് നിര്‍മ്മിക്കണം. ഇന്റര്‍നെറ്റില്‍ ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള യുവത്വം മദ്യത്തിനും കപട ആത്മീയതക്കും പിറകെ പോവുകയാണ്. ഗ്രാമങ്ങളില്‍ പോലും അരാഷ്ട്രീയ കൂട്ടായ്മകള്‍ രൂപപ്പെടുന്നു. സിനിമകളെ അധികരിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. വിവാഹ, മരണ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടണം.

സംഘടനയുടെ കീഴ്ഘടകങ്ങള്‍ നിര്‍ജീവാവസ്ഥയിലാണെന്നും മേല്‍ഘടകങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ രൂപീകരിച്ച യൂത്ത് ബ്രിഗേഡ് പരാജയപ്പെട്ടു. സംഘടനയുടെ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും കീഴ്ഘടകങ്ങള്‍ ഏറ്റെടുക്കുന്നില്ല. തുടങ്ങിയ വിലയിരുത്തലുകളും പ്രമേയത്തിലുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ചിലമേഖലയില്‍ സംഘടനക്ക് സ്വാധീനം കുറവുണ്ട്. മതന്യൂനപക്ഷങ്ങളെ ആഘര്‍ഷിക്കുന്നതിലും യുവതികളെ അംഗത്വ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിലും പരാജയപ്പെട്ടു. എ ഐ വൈ എഫിന്റെ പ്രവര്‍ത്തനം ഇടതുപക്ഷ ഐക്യത്തിന് സഹായകരമാകുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Advertisement