ബാംഗ്ലൂര്‍: നൂറ് കണക്കിന് യുവാക്കള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെ ഡി.വൈ.എഫ്.ഐയുടെ ഒമ്പതാം ദേശീയ സമ്മേളനത്തിന് ബാംഗ്ലൂരില്‍ തുടക്കമായി. ചൊവ്വാഴ്ച രാവിലെ 12 മണിയോടെ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി പൊതുസമ്മേളന നഗരിയായ ഫ്രീഡം പാര്‍ക്കില്‍ സമാപിച്ചു.

റാലിയില്‍ നിന്നുയര്‍ന്ന വിപ്ലവഗാനങ്ങള്‍ ഐ.ടി നഗരത്തിന് നൂതനാനുഭവമായി. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും റാലിയില്‍ അണിനിരന്നു. അഖിലേന്ത്യാ നേതാക്കളും പ്രതിനിധികളും മുന്‍നിരയില്‍ നീങ്ങിയ പ്രകടനം കാണാന്‍ നിരവധി പേര്‍ നഗരത്തില്‍ തടിച്ചു കൂടി.

Ads By Google

ഫ്രീഡംപാര്‍ക്കില്‍നടന്ന പൊതുസമ്മേളനം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഉച്ചവെയിലിനെ അവഗണിച്ച് മൈതാനത്ത് തിങ്ങിനിറഞ്ഞ യുവജനസാഗരം പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് തുടക്കമിടുമെന്ന് യെച്ചൂരി പറഞ്ഞു. അഴിമതിയും ചൂഷണവുമില്ലാത്ത പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍ യുവാക്കള്‍ കര്‍മപദ്ധതിയുമായി രംഗത്തിറങ്ങണം. അത് ചരിത്രദൗത്യമാണെന്നും യെച്ചൂരി പറഞ്ഞു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അധ്യക്ഷനായി.

സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി തപന്‍സിന്‍ഹ, സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ് ദൊരൈസ്വാമി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമറെഡ്ഡി, കര്‍ണാടക പ്രാന്തറൈത്ത സംഘം ജനറല്‍ സെക്രട്ടറി ജി.സി ബയ്യാറെഡ്ഡി, യുവജനനേതാക്കളായ എം.പി.രാജേഷ്, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ണാടകത്തിലെ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി എച്ച്. എസ് ദൊരൈസ്വാമി സമ്മേളനത്തിന് ആശംസ നേര്‍ന്നു.

800 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ദേശീയ അധ്യക്ഷന്‍ പതാക ഉയര്‍ത്തി. ബാംഗ്ലൂര്‍ ടൗണ്‍ഹാളില്‍ വൈകിട്ട് ഏഴിന് ആരംഭിച്ച പ്രതിനിധി സമ്മേളനം ചലച്ചിത്ര സംവിധായകന്‍ ശ്യാം ബനഗല്‍ ഉദ്ഘാടനം ചെയ്തു.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യം നേരിടുന്ന അഴിമതി, വര്‍ഗീയത തുടങ്ങിവയ്‌ക്കെതിരെ ദേശീയ തലത്തില്‍ യുവജന സമരപരിപാടികള്‍ക്ക് രൂപം നല്‍കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. സെപ്റ്റംബര്‍ 15 ന് സമ്മേളനം സമാപിക്കും.