എഡിറ്റര്‍
എഡിറ്റര്‍
ടി.പി. ചന്ദ്രശേഖരന്‍ വധം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
എഡിറ്റര്‍
Tuesday 15th May 2012 9:05pm

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധയോഗവും അനുസ്മരണസമ്മേളനവും കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പാര്‍ട്ടിയുടെ വിലക്കുകളെ ലംഘിച്ചുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയില്‍ നൂറുകണക്കിന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും ഈ യോഗത്തെ തടയണമെന്ന നിലപാടായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറയ്ക്കാനായി സി.പി.ഐ.എം പല സ്ഥലങ്ങളിലും ലോക്കല്‍ ജനറല്‍ ബോഡികള്‍ വിളിച്ചിരുന്നു.
ഇപ്പോള്‍ പാര്‍ട്ടി വിലക്കുകള്‍ ഭേദിച്ച് ഈ പരിപാടി സംഘടിപ്പിച്ച പ്രവര്‍ത്തകരോട് സി.പി.ഐ.എം എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്നത് വളരെ നിര്‍ണ്ണാകമാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരം പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍. പി. പ്രതാപ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ മുന്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും നിലവില്‍ സി.പി.ഐ.എം എടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.എസ് ബിമല്‍ കുമാര്‍ അനുസ്മരണ സംഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും വടകര ബ്ലോക്ക് പ്രസിഡന്റുമായ എ.പി. പ്രജിത്, അഡ്വ.ജ്യോതി സി.വി., എന്നിവര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. തിരുവമ്പാടി ഏര്യ കമ്മിറ്റി അംഗം സദാശിവന്‍, ലാല്‍ കിഷോര്‍, വി.സി. ഷനോജ്, പി.സി.രാജേഷ് എന്നിവര്‍ പങ്കെടുത്തു. എസ്.എഫ്.ഐ രക്തസാക്ഷി ജോബി ആണ്‍ഡ്രൂസിന്റെ സഹോദരന്‍ ജെയ്‌മോന്‍ ആണ്‍ഡ്രൂസിന്റെ സന്ദേശം യോഗത്തില്‍ പി.സി.രാജേഷ് വായിച്ചു.

ടി.പി.ചന്ദ്രശേഖരന്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ബോധവും മൂല്യവും നിലപാടും സൂക്ഷിച്ചിരുന്ന ആളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശബ്ദത്തെ നെഞ്ചോട് ചേര്‍ക്കാന്‍ ഒരു വിലക്കും തടസ്സമല്ലെന്നും ബിമല്‍ പറഞ്ഞപ്പോള്‍ വളരെ വികാര നിര്‍ഭരമായ വേദിയായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ മാറുകയായിരുന്നു. ‘കുലം വിട്ടു പോയവനായിട്ടല്ല, വിമതനായിട്ടല്ല, വിരുദ്ധനായിട്ടല്ല, ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയാണെന്ന് സഖാക്കളേ, ഉറക്കെ പറയേണ്ട സമയമായിരിക്കുന്നു,’ ബിമല്‍ അഭിപ്രായപ്പെട്ടു. ചന്ദ്രശേഖരന്‍ മറ്റുള്ളവരെ മാത്രം കമ്മ്യൂണിസ്റ്റാക്കിയ ഒരാളല്ലെന്നും സ്വന്തം ജീവിതത്തെയും കുടംബത്തെയും കമ്മ്യൂണിസ്റ്റാക്കിയ ധീരനായ കമ്മ്യൂണിസ്റ്റാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിനിടെ പ്രതാപ് കുമാര്‍ പറഞ്ഞു. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ജീവിത സഖാവ് രമയുടെ ‘ചന്ദ്രശേഖരനെ കൊല്ലാനേ കഴിയൂ, തോല്‍പ്പിക്കാന്‍ കഴിയില്ല’ എന്ന ധീരമായ വാക്കുകള്‍ എന്നും അദ്ദേഹം സ്മരിച്ചു. സംസാരിച്ചവരൊക്കെതന്നെ അദ്ദേഹത്തിന്റെ ജീവിതത്തെയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തെയും ലളിത ജീവിതത്തെയും ഒരുപോലെ വിലയിരുത്തി.  ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ട്രഷറര്‍ കെ.വി.ചന്ദ്രന്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു.

Advertisement