എഡിറ്റര്‍
എഡിറ്റര്‍
സെക്യുലര്‍മാരേജ്.കോമിനെക്കുറിച്ച് സംസ്ഥാന നേതാക്കള്‍ക്കുപോലും ഒരു വിവരവുമില്ല: ഡി.വൈ.എഫ്.ഐ ആരംഭിച്ച വെബ്‌സൈറ്റ് ഇപ്പോള്‍ വില്പനയ്ക്ക്
എഡിറ്റര്‍
Friday 17th February 2017 2:51pm

 

കോഴിക്കോട്: മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച വെബ്‌സൈറ്റ് സെക്യുലര്‍ മാരേജ്.കോം എന്ന വെബ്‌സൈറ്റ് വില്‍പ്പനയ്ക്ക് വെച്ച നിലയില്‍. ഡോമൈന്‍ ഫോര്‍ സെയില്‍ എന്നാണ് ഈ വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ ഇപ്പോള്‍ കാണാനാവുന്നത്.

ഡി.വൈ.എഫ്.ഐ നേതാവായ ചിന്ത ജെറോം സ്വജാതിയിലുള്ള വരനെത്തേടി മാട്രോമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മതേതര വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ കൊണ്ടുവന്ന വെബ്‌സൈറ്റിന്റെ അവസ്ഥ ഡൂള്‍ന്യൂസ് പരിശോധിച്ചത്.


Also Read: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഫേസ്ബുക്ക് സൗഹൃദം വിലക്കി സര്‍ക്കുലര്‍ 


2014 ഡിസംബര്‍ 17നാണ് മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഏറെ കൊട്ടിഘോഷിട്ട് സെക്യുലര്‍മാരേജ്.കോം എന്ന വെബ്‌സൈറ്റ് ഡി.വൈ.എഫ്.ഐ പുറത്തിറക്കിയത്. ഉദ്ഘാടനം ചെയ്തു എന്നതല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ എത്രപേര്‍ രജിസ്റ്റര്‍ ചെയ്തു എന്നതിനെക്കുറിച്ചോ ഒന്നും ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന നേതാക്കള്‍ക്കുപോലും ഒരു വിവരവുമില്ല.

വെബ്‌സൈറ്റ് പുറത്തിറങ്ങി ഒരുവര്‍ഷവും എട്ടുമാസവുമായപ്പോള്‍ സെക്യുലര്‍മാരേജ്.കോം എന്ന ഡൊമൈന്‍ ഡി.വൈ.എഫ്.ഐയ്ക്കു നഷ്ടമായി. ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തിയായ ശേഷം സമയത്ത് പുതുക്കാതിരുന്നതിനാലാണ്  ഡി.വൈ.എഫ്.ഐയ്ക്ക് ഡൊമൈന്‍ നഷ്ടമാവുന്നത്. കോള്‍ ബൈ ഡൊമൈന്‍ എന്ന ഏജന്‍സിയാണ് ലക്ഷങ്ങള്‍ വിലയിട്ട് ഡി.വൈ.എഫ്.ഐയ്ക്ക് നഷ്ടമായ ഡൊമൈന്‍ വില്‍പ്പനയ്ക്ക് വയ്ച്ചിരിക്കുന്നത്. അന്ന് 1888 ഡോളറിന് ഏതാണ്ട് 1.25ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കുവെച്ച നിലയിലായിരുന്നു ഡൊമൈന്‍. ഇപ്പോഴും വില്‍പ്പനയ്ക്കുവെച്ച നിലയില്‍ തന്നെയാണ് ഈ ഡൊമൈന്‍ ഉള്ളത്. വില അല്പം കൂടി 2995ഡോളര്‍ ആയെന്നുമാത്രം.

നേരത്തെ 2014ല്‍ ഡി.വൈ.എഫ്.ഐ വെബ്‌സൈറ്റ് ആരംഭിച്ചതിനു പിന്നാലെ ഇതു ഹാക്കു ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇത് തിരിച്ചെടുത്തെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് ഓണ്‍ലൈനില്‍ ഇല്ലാതായി. പിന്നീട് മാസങ്ങളോളം ഈ വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായിരുന്നില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വെബ്‌സൈറ്റ് ലഭ്യമാകാത്തതെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് 2015 ജൂലൈയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

 

പിന്നീട് ഒരുവര്‍ഷത്തിനുശേഷം ഡൊമൈന്‍ നഷ്ടമായതിനു പിന്നാലെ മറ്റൊരു ഡൊമൈനില്‍ തിരിച്ചുവരുമെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പറഞ്ഞത്. ‘വെബ്‌സൈറ്റ് എത്രയും പെട്ടെന്ന് മറ്റൊരു പേരില്‍ ഞങ്ങള്‍ പുറത്തിറക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കാതായത്. കൂടുതല്‍ സാങ്കേതിക മികവോടെ നവീകരിച്ച വെബ്‌സൈറ്റ് ഉടന്‍ പുറത്തിറക്കും’ എന്നാണ് 2016 ആഗസ്റ്റില്‍ എം.സ്വരാജ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞത്. ഇപ്പോഴും ഇതേ പല്ലവി തന്നെയാണ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

‘വെബ്‌സൈറ്റ് ഹാക്കു ചെയ്യപ്പെട്ടതാണെന്നും ഇത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമാണ് ‘ വെബ്‌സൈറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനെയും മറ്റും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തനിക്കതിനെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇക്കാര്യങ്ങള്‍ അറിയാന്‍ ഷംസീര്‍ പറഞ്ഞതനുസരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഹേമന്തുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. ‘രണ്ടുമൂന്നുമാസക്കാലമായി ഇതു പ്രവര്‍ത്തിക്കുന്നില്ലെന്നും ഒരുമാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്നും’ പറഞ്ഞ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്.

വെബ്‌സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ വിശദാംശങ്ങള്‍ അറിയാന്‍ ഇ.എം നയിബുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ വെബ്‌സൈറ്റിന്റെ ഡൊമൈന്‍ തന്നെ ഡി.വൈ.എഫ്.ഐ ഉപേക്ഷിച്ചെന്നാണ് നയിബുമായി സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. സെക്യുലര്‍മാരേജ്.ഇന്‍ എന്നതാണ് ഡി.വൈ.എഫ്.ഐയുടെ വെബ്‌സൈറ്റെന്നും ഇത് നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വെബ്‌സൈറ്റിലേക്കു കൂടുതലാളുകള്‍ വരുന്നതിനാല്‍ അതുതകരാറിലായെന്നും കുറേക്കൂടി ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാവുന്ന വിധത്തില്‍ വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വെബ്‌സൈറ്റില്‍ എത്രയാളുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നു ചോദിച്ചപ്പോള്‍ ‘2000ത്തോളം’ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത്രമികച്ച പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘സെര്‍വറിന് അധികം കപ്പാസിറ്റിയുണ്ടായിരുന്നില്ല. കൂറേക്കൂടി നന്നായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പണി പൂര്‍ത്തിയാകും’ എന്നും നയിബ് പറഞ്ഞു.

സെക്യുലര്‍മാരേജ്.ഇന്‍ എന്ന ഡൊമൈന്‍ പരിശോധിക്കുമ്പോള്‍ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന ബോര്‍ഡാണുള്ളത്.

Advertisement